വന്‍കിട കമ്പനികളില്‍ ജോലിയില്‍ പ്രവേശിക്കുകയെന്നത് മിക്കവരുടെയും സ്വപ്‌നമാണ്. അവിടുത്തെ മികച്ച ശമ്പളവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവുമാണ് പ്രധാന ആകര്‍ഷണഘടകങ്ങൾ. ചില സ്ഥാപനങ്ങളിൽ മികച്ച ശമ്പളം ലഭിക്കുമെങ്കിലും ജോലിയിലെ സമ്മര്‍ദം ചിലപ്പോഴെങ്കിലും ജീവനക്കാര്‍ക്ക് താങ്ങാന്‍ കഴിയാതെ വരാതെയുണ്ട്. മോശം പ്രകടനത്തിൻ്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ചിക്കാഗോ സ്വദേശിനിയുടെ തുറന്നുപറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ബഹുരാഷ്ട്ര കമ്പനിയായ ഡിലോയിറ്റില്‍ ഒരു വര്‍ഷം ജോലി ചെയ്തപ്പോള്‍ തനിക്കുണ്ടായ അനുഭവം വിവരിക്കുകയാണ് സിയേറ ഡെസ്മരാട്ടി എന്ന 24കാരി. ഡിലോയിറ്റില്‍ ആക്ച്വറല്‍ അനലിസ്റ്റായി ഒരു വര്‍ഷത്തോളമാണ് അവര്‍ സേവനം ചെയ്തത്. കൃത്യം ഒരു വര്‍ഷത്തിന് ശേഷം ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായി സ്ഥാപനത്തിൻ്റെ എച്ച്ആര്‍ അവരെ അറിയിച്ചു. പെട്ടെന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടപ്പോള്‍ താന്‍ അതീവ ദുഃഖിതയായെന്നും വളരെയധികം കരഞ്ഞുവെന്നും ബിസിനസ് ഇന്‍സൈഡര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി. ഡിലോയിറ്റിലെ ജോലി തൻ്റെ സ്വപ്‌നമായിരുന്നില്ലെന്നും എന്നാല്‍ അവര്‍ തനിക്ക് ഏകദേശം 76 ലക്ഷം രൂപയോളം ശമ്പളമായി നല്‍കിയിരുന്നുവെന്നും അവര്‍ പറഞ്ഞു. ഈ തുക തനിക്ക് വളരെ വലുതായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി. എന്നാൽ, ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ടത് തൻ്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ കാര്യമായിരുന്നു എന്ന് അവര്‍ കൂട്ടിച്ചേർത്തു.
“ഓഫീസിലെ മറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഞാന്‍ എൻ്റെ വ്യക്തിത്വം പണയം വയ്ക്കുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടിരുന്നത്. അവിടുത്തെ വളരെ തിരക്കുപിടിച്ച അന്തരീക്ഷത്തിൻ്റെ സംസ്‌കാരത്തില്‍ ഇഴുകിച്ചേരാന്‍ ഞാന്‍ വളരെയധികം പാടുപെട്ടു. വൈകാതെ തന്നെ എന്നെ ജോലിയില്‍ നിന്ന് അവര്‍ പിരിച്ചുവിട്ടു. അത് ഒരു ഇരുണ്ട കാലമായിരുന്നു. എന്നാല്‍, ആത്യന്തികമായി എൻ്റെ കരിയറില്‍ നിന്ന് ഞാന്‍ അര്‍ഹിക്കുന്നത് എന്താണെന്ന് ഈ സംഭവം എന്നെ ബോധ്യപ്പെടുത്തി,” സിയേറ പറഞ്ഞു.
കമ്പനിയില്‍ തനിക്ക് ഒരിടത്തും സ്ഥാനമില്ലെന്ന് തോന്നിയിരുന്നതായും ഒറ്റപ്പെട്ട് പോയിരുന്നതായും അവര്‍ പറഞ്ഞു. താഴ്ന്ന വരുമാനമുള്ള കുടുംബത്തിലെ അംഗമായിരുന്നു അവര്‍. 2022 സെപ്റ്റംബറില്‍ മറ്റ് 90 പേര്‍ക്കൊപ്പമാണ് അവര്‍ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ഒപ്പം ജോലി ചെയ്തിരുന്നവര്‍ വില കൂടിയ സ്യൂട്ട് ജാക്കറ്റുകളും മറ്റ് വസ്ത്രങ്ങളുമാണ് ധരിച്ചിരുന്നത്. അപ്പോള്‍ തന്നെ തനിക്കിണങ്ങിയ സ്ഥലമല്ല അതെന്ന് അവര്‍ തിരിച്ചറിഞ്ഞു. ‘‘ആഡംബരം കാണിക്കുന്നതിന് വേണ്ടി ടിജെ മാക്‌സ് വസ്ത്രങ്ങളാണ് ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍, അത് എനിക്ക് ഇണങ്ങുന്നില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു,’’ അവര്‍ പറഞ്ഞു.
‘‘തുടര്‍ന്ന് വറചട്ടിയിലെ അനുഭവമായിരുന്നു നേരിട്ടത്. ഒരു ദിവസം 11 മണിക്കൂറോളമാണ് ഓഫീസില്‍ ജോലിക്കായി ചെലവഴിച്ചിരുന്നത്. ഇത് മാനസികമായും ശാരീരികമായും എന്നെ തളര്‍ത്തി. ദിവസം മുഴുവന്‍ ഒരേ ഇരിപ്പ് ഇരുന്നതോടെ നടുവേദന പിടിപെട്ടു. സമ്മര്‍ദം നിറഞ്ഞ ജോലിക്കിടെ സ്‌നാക്‌സുകളെ ഞാന്‍ കൂടുതലായി ആശ്രയിച്ചു തുടങ്ങി. ഇത് എന്റെ ശരീരഭാരം 9 കിലോഗ്രാമോളം വര്‍ധിപ്പിച്ചു. അപ്പോഴേക്കും എൻ്റെ പ്രകടനം വിലയിരുത്താനുള്ള സമയമായിരുന്നു. തിരക്കേറിയ മാസങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ലെന്ന് എൻ്റെ കോച്ച് എന്നോട് പറഞ്ഞു. എന്നാല്‍, ആ സമയത്ത് അക്കാര്യം എന്നോട് ആരും പറഞ്ഞില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ആശ്ചര്യപ്പെട്ടു. അത് അറിഞ്ഞിരുന്നുവെങ്കില്‍ തനിക്ക് മാറ്റങ്ങള്‍ വരുത്താനാകുമെന്ന് മനസ്സിലാക്കിയപ്പോള്‍ നിരാശ തോന്നി,’’ സിയേറ പറഞ്ഞു.
‘‘ഇതിനിടെ എൻ്റെ പ്രകടനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിനിടെ എച്ച്ആര്‍ വിളിച്ച് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുന്നതായി അറിയിച്ചു. ആ ജോലിയെ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും അവിടുന്ന ലഭിക്കുന്ന ശമ്പളം അതിജീവനത്തിന് സഹായിച്ചിരുന്നു. അന്ന് രാത്രി ഉറങ്ങുവോളം ഞാന്‍ കരഞ്ഞു. അടുത്ത ദിവസം ജോലി ചെയ്യുന്ന കംപ്യൂട്ടറിലെ എല്ലാ പ്രോഗ്രാമുകളില്‍ നിന്നും ലോഗ് ഔട്ട് ചെയ്യാന്‍ ശ്രമിച്ചു,’’ സിയേറ പറഞ്ഞു.
രണ്ടുമാസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു ജോലി ട്രാന്‍സ്അമേരിക്കയില്‍ ലഭിച്ചുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ജീവിതവും ജോലിയും തമ്മില്‍ ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിന് സഹായിച്ചു. രണ്ടു സ്ഥാപനങ്ങളിലെയും സമാനമായ ജോലിയായിരുന്നു. എന്നാല്‍ ഡിലോയിറ്റിലെ ജോലി അന്തരീക്ഷം ട്രാന്‍സ്അമേരിക്കയില്‍ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. ഇപ്പോള്‍ താന്‍ ജീവിതമാസദിക്കുകയാണെന്നും അവര്‍ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.