കൊച്ചി: കോളേജിലെ ഓണാഘോഷത്തിന് ഇടയിൽ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തേവര എസ് എച്ച് കോളേജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും സ്റ്റാഫ് സെക്രട്ടറിയുമായ ജെയിംസ്. വി. ജോർജ്(38) ആണ് മരിച്ചത്. തൊടുപുഴ കല്ലൂർക്കാട് വെട്ടുപാറക്കൽ സ്വദേശിയാണ്. ഇന്നലെ വൈകിട്ട് 4 മണിയോടെ ഓണാഘോഷത്തിൻ്റെ ഭാഗമായി കോളേജിലെ അധ്യാപകരുടെ വടംവലി മത്സരത്തിൽ പങ്കെടുത്ത ശേഷം വിശ്രമിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെട്ടുപാറക്കൽ പരേതനായ വര്‍ക്കിയുടെയും മേരിയുടെയും മകനാണ് ജോർജ്. മൃതദേഹം ഇന്ന് രാവിലെ 8 30 മുതൽ 9:30 വരെ കോളേജിൽ പൊതുദർശനത്തിനു വെച്ചതിനുശേഷം തൊടുപുഴയിലെ വസതിയിലേക്ക് കൊണ്ടുപോകും. ഭാര്യ സോനാ ജോർജ് ( അസിസ്റ്റൻ്റ് പ്രൊഫസർ, ന്യൂമാൻ കോളേജ് തൊടുപുഴ). രണ്ടു വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്.