സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടറ്റീവ് നിയന്ത്രിക്കുന്നത് മറ്റൊരു പവർ ഗ്രൂപ്പെന്ന് രഞ്ജിനി. ഡബ്ല്യൂസിസി അംഗം കൂടിയായ നടി രഞ്ജിനിയാണ് സംഘടനയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. സംഘടന എടുക്കുന്ന തീരുമാനങ്ങൾ പലതും അംഗങ്ങൾ അറിയുന്നില്ലെന്നും രഞ്ജിനി തുറന്നടിച്ചു. ഏകാധിപത്യ സ്വഭാവത്തിലാണ് സംഘടന മുന്നോട്ടു പോകുന്നതെന്നും അവർ പറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് രഞ്ജിനി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.
താൻ ഡബ്ല്യുസിസി അംഗം ആയിട്ട് കൂടി കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് പറഞ്ഞുകൊണ്ടുള്ള ഹർജിയെപ്പറ്റി അറിഞ്ഞിരുന്നില്ല എന്നും അവർ പറയുന്നു. ഡബ്ല്യുസിസിയിലെ രണ്ട് പേർ തങ്ങൾ റിപ്പോർട്ട് മുഴുവൻ വായിച്ച് കേട്ടതായി പറഞ്ഞെന്നും, എന്തുകൊണ്ട് തന്നെ പോലെയുള്ളവർക്ക് അതിന് അവസരം കിട്ടിയില്ല എന്നും അവർ ചോദ്യം ഉന്നയിച്ചു.
താനൊരു വക്കീലാണെന്ന് അവർക്ക് അറിയാമെന്നും എന്നിട്ടും കേസിൻറെ കാര്യങ്ങളിൽ തന്നോട് അഭിപ്രായം ചോദിച്ചില്ല എന്നും അവർ പറയുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി സ്വന്തം പണം മുടക്കി കേസിന് പോയെന്നും അവർ ഹർജി നല്‍കുന്നുണ്ടായിരുന്നെങ്കിൽ ഞാൻ അതിന് പോകേണ്ടതില്ലായിരുന്നെന്നും അവർ പറഞ്ഞു.
മൊഴികൊടുത്ത തങ്ങളെ ആദ്യം റിപ്പോർട്ട് കാണിച്ചശേഷം പ്രസിദ്ധീകരിക്കണമെന്ന് എന്തുകൊണ്ടാണ് ഡബ്ല്യുസിസി പറയാതിരുന്നത് എന്നും രഞ്ജിനി ചോദിച്ചു. വനിതാ കമ്മീഷനാണ് മൊഴി നൽകിയവരുടെ സുരക്ഷാ ചുമതല എന്നും അവർ പറഞ്ഞു.
പലരും ഡബ്ല്യുസിസിയില്‍ നിന്ന് രാജിവച്ചെന്നും 50ലധികം പേർ ഉണ്ടായിരുന്ന ഗ്രൂപ്പില്‍ ഇപ്പോള്‍ 37 പേരോളമേ ഉള്ളെന്നും രഞ്ജിനി പറഞ്ഞു. ഇപ്പോള്‍ ഡബ്ല്യുസിസിയിൽ ഔദ്യോഗിക ഗ്രൂപ്പും അല്ലാത്ത ഗ്രൂപ്പും ഗ്രൂപ്പും ഉണ്ടെന്നും ഒരു ചെറിയ പവർ ഗ്രൂപ്പാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്നും അവർ പറഞ്ഞു. പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, അഞ്ജലി മേനോൻ തുടങ്ങിയവരാണ് സംഘടന നിയന്ത്രിക്കുന്നതെന്നും രഞ്ജിനി അഭിമുഖത്തിൽ പറഞ്ഞു.