ശിവന്‍കുട്ടിയുടെ അനാസ്ഥ കാരണം വിദ്യാഭ്യാസ മേഖലയിലെ കേന്ദ്രഫണ്ട് നഷ്ടപ്പെട്ടേക്കും; കേന്ദ്ര സര്‍ക്കാര്‍ നിരവധി തവണ കത്തുകള്‍ അയച്ചിട്ടും ശിവന്‍കുട്ടി വായിച്ച് മറുപടി നല്‍കിയില്ല

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയുടെ അനാസ്ഥ കാരണം കേരളത്തിന് ലഭിക്കേണ്ട വിഭ്യാഭ്യാസ ഫണ്ട് നഷ്ടപ്പെടാന്‍ സാധ്യത. കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ തേടി ഒരു വര്‍ഷമായി കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള കത്തുകള്‍ അവഗണിച്ച് വിദ്യാഭ്യാസ വകുപ്പ്. ഒടുവില്‍ ഒന്നാം തീയതി യോഗം ചേര്‍ന്ന് അടുത്ത ദിവസം അഞ്ച് മണിക്ക് മുമ്പ് വിവരങ്ങള്‍ നല്‍കാന്‍ നീക്കം നടത്തിയെങ്കിലും അത് ഫലപ്രദമായിട്ടില്ല.

വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ യൂഡൈസ് പ്ലസ് (UDISE Plus) പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുന്നതിലാണ് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് കേന്ദ്രം ആവശ്യപ്പെട്ട വിശദാംശങ്ങള്‍ നല്‍കാതെ കുംഭകര്‍ണനെ പോലെ ഉറങ്ങുകയായിരുന്നു ശിവന്‍ കുട്ടിയുടെ വിദ്യാഭ്യാസവകുപ്പ് .

പ്രീ പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി വരെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്ന് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 30 ന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് കത്തയച്ചിരുന്നു. തുടര്‍ന്ന് 5 തവണ കൂടി കേന്ദ്രം കത്തയച്ചെങ്കിലും കേരളം അനങ്ങിയില്ല.

നവംബര്‍ 14, ഡിസംബര്‍ 8, ഈ വര്‍ഷം ഫെബ്രുവരി 8, മാര്‍ച്ച് 23, ജൂണ്‍ 26 എന്നീ തിയതികളിലാണ് കേന്ദ്രം വീണ്ടും കത്തയച്ചത്. പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കാന്‍ നിര്‍ദ്ദേശിച്ച് ആഗസ്റ്റ് 13 നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ ഇറങ്ങിയത്.

ഓണപരീക്ഷ കാലത്താണ് വിവരങ്ങള്‍ തേടി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ എത്തിയത്. ഇതോടെ ഓണാവധികാലത്ത് സ്‌ക്കൂളിലെത്തി വിവരങ്ങള്‍ നല്‍കാന്‍ നെട്ടോട്ടം ഓടുകയാണ് അധ്യാപകര്‍. കഴിഞ്ഞ അധ്യയന വര്‍ഷത്തെ വിവരങ്ങളാണ് നല്‍കേണ്ടത്.

ഓരോ കുട്ടിയേയും കുറിച്ചുള്ള 65 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അധ്യാപകര്‍ നല്‍കണം. കേന്ദ്ര നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര ഫണ്ട് നഷ്ടപ്പെടും. കേന്ദ്രം നല്‍കിയ അവസാന തീയതി ഇന്ന് അവസാനിക്കുമ്പോള്‍ പകുതി കുട്ടിയുടെ വിവരങ്ങള്‍ പോലും അപ് ലോഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല.

സമയം വീണ്ടും നീട്ടി ചോദിക്കാനാണ് മന്ത്രി ശിവന്‍ കുട്ടിയുടെ നീക്കം. ഒരാഴ്ച നീളുന്ന യു.എ.ഇ സന്ദര്‍ശനത്തിലാണ് ശിവന്‍കുട്ടി . വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് 6 ഓളം കത്തുകള്‍ കേന്ദ്രം ശിവന്‍ കുട്ടിയുടെ ഓഫിസിലേക്ക് അയച്ചെങ്കിലും അത് വായിക്കാന്‍ ശിവന്‍കുട്ടിയുടെ ഓഫിസ് തയ്യാറാകാത്തതാണ് പ്രശ്‌നം സങ്കീര്‍ണ്ണമാക്കിയത്.

ഇംഗ്ലീഷിലുള്ള കേന്ദ്രത്തില്‍ നിന്നു വരുന്ന കത്തുകള്‍ കൃത്യമായി മനസിലാക്കാന്‍ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് കഴിയുന്നില്ല. ഓഖി മുന്നറിയിപ്പ് കേന്ദ്രം നല്‍കിയെങ്കിലും ചീഫ് സെക്രട്ടറിയുടെ ഓഫിസിന്റെ ശ്രദ്ധയില്‍ വന്നത് 3 ദിവസം കഴിഞ്ഞ് ആയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments