
തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി നിര്‍ബന്ധമാക്കിയ പശ്ചാത്തലത്തില്‍ പൊതുജനങ്ങളുമായി ഇടപഴകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് പോലീസ് സേനയ്ക്ക് എഡിജിപി എസ്. ശ്രീജിത്ത് നിര്‍ദ്ദേശം നല്കി.
വിവരാവാകാശ നിയമ പ്രകാരം പോലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആവശ്യപ്പെടാമെന്നും അത് പോലീസ് ബലപ്രയോഗം നടത്തുന്നുവെന്നതിന്റെ തെളിവായി കണക്കാക്കുന്ന സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗരൂകരാകണമെന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു.
പീച്ചി പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരാതികൾക്ക് നല്കാന് വിവരവകാശ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപിയുടെ മുന്നറിയിപ്പ്. മാത്രമല്ല, ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോലീസിന്റെ പ്രതിച്ഛായയ്ക്ക് തന്നെ മങ്ങലേല്‍പ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമീപകാലത്ത് പീച്ചി പോലീസ് സ്റ്റേഷനിൽ നിന്ന് തങ്ങള്‍ക്ക് മര്‍ദ്ദനം നേരിട്ടുവെന്നും സ്റ്റേഷനിലെ സിസിടിവി ദ്യശ്യങ്ങള്‍ തങ്ങള്‍ക്ക് വേണമെന്നും കാട്ടി ഒരു കൂട്ടം പരാതിക്കാര്‍ പരാതി ഉന്നയിച്ച് പോലീസ് സ്റ്റേഷനെ സമീപിരുന്നു. എന്നാല്‍ അത് പോലീസ് നിരസിക്കുകയും, തുടര്‍ന്ന് വിവരവകാശ കമ്മീഷനെ സമീപിച്ച പരാതികാര്‍ക്ക് അനുകൂലമായി വിധി വരികയും ചെയ്തിരുന്നു.
പീച്ചി പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളായവരെ പോലീസ് മൂന്നാം മുറയ്ക്ക് ഇരയാക്കിയെന്നും അതിനെതുടര്‍ന്ന് തങ്ങള്‍ ചികിത്സ തേടുകയും ചെയ്തുവെന്നും പരാതിക്കാര്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. അതിനെ തുടര്‍ന്നാണ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റില്‍ പരാതിക്കാര്‍ക്ക് അനുകൂലമായി വിധി വരികയും ദൃശ്യങ്ങള്‍ കൈമാറാന്‍ പോലീസ് നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു.
ദൃശ്യങ്ങളില്‍ നിന്ന് പ്രതികളായ രണ്ട് പെരെ പീച്ചി സ്റ്റേഷന് എസ് എച്ച്ഒ സ്റ്റേഷനില്‍ വെച്ച് മര്‍ദിച്ചുവെന്ന് തെളിഞ്ഞിരുന്നു, കൂടുതല്‍ പേര് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാനായി സമാനമായ മാര്‍ഗം അവലംബിക്കുമെന്നും അത് യൂണിഫോമിലുള്ള ഓരോ പോലീസ് ഉദ്യോഗസ്ഥനും പ്രശ്നമുണ്ടാക്കുമെന്നും വിലയിരുത്തിയ സാചഹര്യത്തിലാണ് എഡിജിപി ഇത്തരം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മനുഷ്യവകാശ ലംഘനങ്ങള്‍ തടയുന്നതിനും കസ്റ്റഡി മര്‍ദ്ദനം ഒഴിവാക്കുന്നതിനുമായിട്ടാണ് പോലീസ് സ്റ്റേഷനുകളില്‍ സിസിടിവി നിര്‍ബന്ധമാക്കിയത്.