ഭൂമിക്ക് അടുത്തേക്ക് വരുന്ന ഛിന്നഗ്രഹം; ഭീഷണിയെന്ന് ഇസ്രോ മേധാവി

ഭൂമിയുമായി ഒരു നാള്‍ കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള പാതയില്‍ സഞ്ചരിക്കുന്ന ഛിന്നഗ്രഹമാണ് അപോഫിസ്.

isro chariman

ഭൂമിയ്ക്കടുത്തേക്ക് വന്നുകൊണ്ടിരിക്കുന്ന അപോഫിസ് എന്ന ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാണെന്ന് ഇസ്രോ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) ചെയർമാൻ എസ്. സോമനാഥ്. ഭൂമിയുമായി ഒരു നാള്‍ കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള പാതയില്‍ സഞ്ചരിക്കുന്ന ഛിന്നഗ്രഹമാണ് അപോഫിസ്. 140 മീറ്ററിലേറെ വലിപ്പമുള്ള ഭൂമിക്കരികിലൂടെ കടന്നുപോവുന്ന ഛിന്നഗ്രഹങ്ങളെ അപകടസാധ്യതാ ഗണത്തിലാണ് കണക്കാക്കുക. അപോഫിസിന്റെ വ്യാസം 340 മീറ്റര്‍ മുതല്‍ 450 മീറ്റര്‍ വരെയാണ്. ഇത് ഒരു വലിയ ഫുട്ബോൾ സ്റ്റേഡിയത്തെക്കാൾ വലുതാണ്. 2029 ഏപ്രില്‍ 13 ന് അപോഫിസ് ഭൂമിയുടെ ഏറ്റവും അടുത്തൂകൂടി കടന്നുപോവുമെന്നാണ് കണക്കാക്കുന്നത്.

ഐഎസ്ആര്‍ഒ നിലവിൽ ഛിന്നഗ്രഹത്തെ നിരീക്ഷിച്ച് വരികയാണ്. ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കും പര്യവേക്ഷണ ദൗത്യങ്ങള്‍ക്കുമൊപ്പം വിദേശ ബഹിരാകാശ ഏജന്‍സികള്‍ക്കൊപ്പം ചേര്‍ന്ന് ‘പ്ലാനറ്ററി ഡിഫന്‍സി’ലും ഇസ്രോ സജീവമാണ്. ഭൂമിക്ക് ഭീഷണിയാവുന്ന ബഹിരാകാശ വസ്തുക്കളെ നിരീക്ഷിക്കുകയും പ്രതിരോധ സംവിധാനം ഒരുക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

മനുഷ്യരാശി നേരിടുന്ന യഥാര്‍ത്ഥ ഭീഷണിയാണ് വലിയ ഛിന്നഗ്രഹങ്ങളുമായുള്ള കൂട്ടിയിടിയെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ് പറഞ്ഞു. നമുക്ക് ജീവിക്കാന്‍ ഒരേയൊരു ഭൂമി മാത്രമേയുള്ളൂ എന്നും അപ്പോഫിസ് ഉയര്‍ത്തുന്ന ഭീഷണിയും ഭാവി ഭീഷണികളും തടയാന്‍ ഇന്ത്യ എല്ലാ രാജ്യങ്ങളുമായി സഹകരിക്കുമെന്നും എസ്.സോമനാഥ് വ്യക്തമാക്കി.

നമ്മുടെ ജീവിത കാലത്ത് നമ്മള്‍ അത്തരം ഒരു ദുരന്തം കാണാനിടയില്ലാത്തതിനാല്‍ നമ്മളതിനെ നിസാരമായി കാണുകയാണെന്നും അത്തരം ഒരു സംഭവം ഭൂമിയിലുണ്ടായാല്‍ മനുഷ്യരാശിക്ക് തന്നെ ഭീഷണി ആണെന്നും അദ്ദേഹം മുൻപ് സൂചിപ്പിച്ചിട്ടുണ്ട്.

2029 ഏപ്രില്‍ 13 ന് അപോഫിസ് ഭൂമിയില്‍ നിന്ന് 32000 കിമീ ദൂരപരിധിയിലെത്തും. ഇത് ബഹിരാകാശ ഏജന്‍സികള്‍ക്ക് അപോഫിസിനെ കുറിച്ച് വിശദമായ പഠനങ്ങള്‍ക്ക് അവസരം നല്‍കും. പ്ലാനറ്ററി ഡിഫന്‍സ് രംഗത്ത് സജീവ ഇടപെടലിനും അന്തര്‍ദേശീയ സഹകരണത്തിനും ലക്ഷ്യമിട്ടാണ് ഐഎസ്ആര്‍ഒയുടെ ഭാവി പദ്ധതികള്‍. അപോഫിസ് ഛിന്നഗ്രഹത്തെ പഠിക്കാനും നിരീക്ഷിക്കാനും ലക്ഷ്യമിട്ട് യൂറോപ്യന്‍ സ്പേസ് ഏജന്‍സി പ്രഖ്യാപിച്ച റാംസസ് ദൗത്യത്തില്‍ സഹകരിക്കുമെന്ന് ഇസ്രോ പ്രഖ്യാപിച്ചിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments