തമിഴ്നാട്ടിലെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഒന്നര ടണിലധികം പഴകിയ മാംസം പിടിച്ചെടുത്തു. ഭക്ഷ്യ സുരക്ഷാ വകുപ്പാണ് ആട്ടിറച്ചിയും കോഴിയിറച്ചിയും ഉൾപ്പെടെ ചീഞ്ഞ മാംസം പിടിച്ചെടുത്തത്. ഡൽഹിയിൽ നിന്നെത്തിയ തമിഴ്നാട് എക്സ്പ്രസ്സിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് 1600 കിലോയോളം അഴുകിയ മട്ടനും ചിക്കനും പിടികൂടിയത്. പിടികൂടിയ ഇറച്ചി പിന്നീട് കൊടുങ്ങയ്യൂർ ഡമ്പിങ് യാർഡിൽ നശിപ്പിച്ചു.
ചെന്നൈ നഗരത്തിലെ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന ഇറച്ചിയാണ് പിടികൂടിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി. 1,556 കിലോഗ്രാം മാംസമാണ് ഉണ്ടായിരുന്നത് ട്രെയിനിൽ ഉണ്ടായിരുന്നത്. അഴുകിയ മട്ടണ്‍, ചിക്കൻ, ചീസ്, കബാബ്, കൂണ്‍ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ശീതീകരണ സംവിധാനം പോലും ഇല്ലായിരുന്നു എന്നും പാഴ്സലുകളിൽ പുഴുക്കൾ നിറഞ്ഞിരുന്നതായും ഭക്ഷ്യ സുരക്ഷാ വകുപ്പ് വെളിപ്പെടുത്തി. അയച്ചവരുടെയോ സ്വീകരിക്കുന്നവരുടെയോ മേൽവിലാസമോ വിവരങ്ങളോ ഉണ്ടായിരുന്നില്ല എന്നും ഭക്ഷ്യ സുരക്ഷാ ഓഫീസർ പി സതീഷ് കുമാർ പറഞ്ഞു.
പലപ്പോഴും ഭക്ഷ്യവസ്തുക്കൾ പാഴ്സൽ ചെയ്യേണ്ട മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. പാഴ്സലിൽ എന്താണെന്ന് ലേബൽ ചെയ്യണം. ആര് ആർക്ക് അയക്കുന്നു എന്ന് കൃത്യമായി രേഖപ്പെടുത്തണം. മാംസം കൃത്യമായി മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം കശാപ്പ് ചെയ്ത തിയ്യതി, സമയം എന്നിവ ഉണ്ടായിരിക്കണമെന്നും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
ഓഗസ്റ്റ് 20ന് എഗ്മൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും സമാനമായ രീതിയിൽ 1600 കിലോ പഴകിയ ആട്ടിറച്ചി പിടികൂടിയിരുന്നു. ചെന്നൈയുടെ പ്രതിദിന മാംസ ഉപഭോഗം ഏകദേശം 6,000 കിലോയാണ്. വാരാന്ത്യങ്ങളിലും ഉത്സവ ദിവസങ്ങളിലും ഇത് ഇരട്ടിയാകും.