പാലക്കാട്: പി കെ ശശി ചെയ്തത് നീചമായ പ്രവർത്തികളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് മേഖലാ റിപ്പോർട്ടിങ്ങിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി പി കെ ശശിയെ രൂക്ഷമായി ഭാഷയിൽ വിമർശിച്ചത്. നിലവിൽ ശശിക്കെതിരെ തരം താഴ്ത്തൽ നടപടി കൈക്കൊണ്ടിരിക്കുകയാണ് സിപിഎം. ഇതോടെ ശശിയുടെ സിപിഎമ്മിലെ രാഷ്ട്രീയ ഭാവി ഏതാണ്ട് അവതാളത്തിൽ ആയെന്ന് ഉറപ്പായി. പാർട്ടിയുടെ ശിക്ഷ സ്വീകരിച്ച് ശശി നല്ല കുട്ടി ആകുമോ അതോ പാർട്ടി വിട്ട് പോകുമോ എന്ന് കണ്ടറിയണം.
ശശിക്ക് എതിരെ കടുത്ത ആരോപണമാണ് സംസ്ഥാന സെക്രട്ടറി തന്നെ ഉന്നയിച്ചത്. ശശി സാമ്പത്തിക തട്ടിപ്പുകൾക്ക് പുറമെ, ജില്ലാ സെക്രട്ടറിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. ഇതിന് ഒരു മാധ്യമപ്രവർത്തകനുമായി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടിയിൽനിന്ന് ഒഴിവാക്കേണ്ട പ്രവൃത്തികളാണ് ശശി ചെയ്തത്. എന്നാൽ ഒരു മുതിർന്ന അംഗമെന്ന പരിഗണന നൽകിയാണ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് എന്നുമാണ് ഗോവിന്ദൻറെ വാദം. ഇത് ശശിക്ക് സ്വയം തെറ്റുതിരുത്താനുള്ള നടപടിയാണെന്നും അത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.വി.ഗോവിന്ദൻ തിങ്കളാഴ്ച നടന്ന മേഖല റിപ്പോർട്ടിങ്ങിൽ പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.കെ. ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്നും നീക്കാന്‍ എം വി ഗോവിന്ദൻറെ സാന്നിധ്യത്തില്‍ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം നേരത്തേ തീരുമാനിച്ചിരുന്നു. മണ്ണാര്‍ക്കാട്ടെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ കോളേജിൻറെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്ന ആരോപണങ്ങളാണ് ശശിക്കെതിരേ ഉയര്‍ന്നത്.
ഒന്നാം പിണറായി മന്ത്രി സഭയുടെ കാലത്ത് പി കെ ശശിക്ക് എതിരെ പീഡന ആരോപണം ഉയർന്നിരുന്നെങ്കിലും പൊലീസ് കേസ് എടുക്കാനോ അന്വേഷിക്കാനോ സിപിഎം അനുവദിച്ചിരുന്നില്ല. പാർട്ടി തന്നെയാണ് കോടതിയും പൊലീസും എന്നായിരുന്നു അന്നത്തെ വനിതാ കമ്മീഷൻ എം സി ജോസഫൈൻ പ്രതികരിച്ചത്.