ഇന്ത്യയിൽ എംപോക്സ് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവ് ആയതായി സ്ഥിരീകരിച്ച മന്ത്രാലയം, സംസ്ഥാനങ്ങൾക്ക് ജാഗ്രത തുടരണമെന്ന് നിർദേശം നൽകി.
അടുത്തിടെയാണ് വിദേശത്ത് നിന്നെത്തിയ ഒരു വ്യക്തിക്ക് എംപോക്സ് ലക്ഷണങ്ങൾ കണ്ടതായി റിപ്പോർട്ട് ചെയ്തത്, ഒരാഴ്ച ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പിന്റെ എല്ലാ സജ്ജീകരണങ്ങളും സജീവമാണെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതിനിടയിൽ, രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദില്ലിയിലെ ആർഎംഎൽ, സഫ്ദർജംഗ്, ലേഡി ഹാർഡിങ് എന്നിവിടങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 12 ആഫ്രിക്കൻ രാജ്യങ്ങളിൽ ഈ രോഗത്തിന്റെ വകഭേദം കണ്ടെത്തിയതിന് മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ഇന്ത്യയിൽ സംശയാസ്പദമായ ഒരു കേസ് റിപ്പോർട്ട് ചെയ്തത്.
ലോകാരോഗ്യ സംഘടന ഇതിനകം എംപോക്സിനെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത പനി, തലവേദന, പേശികളിൽ വേദന, ശരീരമാസകലം തിണർപ്പ് എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. വാക്സിനേഷൻ വഴി രോഗം കുറയ്ക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.