കോട്ട (രാജസ്ഥാൻ): സ്കൂൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഗണേശ ചതുർത്ഥി ആശംസകൾ ഡിലീറ്റ് ചെയ്തെന്ന് ആരോപിച്ച് ഒരു സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്രാമത്തിലെ ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയെന്ന് ആരോപിച്ചാണ് അറസ്റ്റ്.
ലത്തൂരി ഗ്രാമത്തിലെ സർക്കാർ സീനിയർ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാഫി മുഹമ്മദ് അൻസാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികൾ സ്കൂളിന് പുറത്ത് പ്രകടനം നടത്തിയിരുന്നു. സ്കൂളിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഗണേശ ഭഗവാന്റെ ചിത്രമുള്ള പോസ്റ്റുകളാണ് പ്രിൻസിപ്പൽ നീക്കം ചെയ്തത്. രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സംഭവമെന്ന് ഡിഎസ്പി നരേന്ദ്ര നാടാർ പറഞ്ഞു.
സാമുദായിക സൗഹാർദം തകർത്തതിനാണ് അൻസാരിയെ അറസ്റ്റ് ചെയ്തതെന്ന് ബാപ്പവാർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഉത്തം സിംഗ് പറഞ്ഞു. ജാമ്യം അനുവദിച്ച് വൈകുന്നേരത്തോടെ വിട്ടയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ ഗ്രാമത്തിലെ സ്ഥിതി സാധാരണവും സമാധാനപരവുമാണ്, എസ്എച്ച്ഒ പറഞ്ഞു.
വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരാൾ ഗണേശ ചതുർത്ഥി ആശംസ സന്ദേശം പോസ്റ്റ് ചെയ്യുകയും പ്രിൻസിപ്പൽ ഡിലീറ്റ് ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് ഡെവലപ്മെന്റ് കമ്മിറ്റി അല്ലെങ്കിൽ എസ്എംഡിസി എന്നാണ് ഗ്രൂപ്പിന്റെ പേര്. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, അതേ ഗ്രൂപ്പിൽ ഒരു സ്കൂൾ അധ്യാപകനും ഗണേശ ചതുർത്ഥി ആശംസകൾ അപ്ലോഡ് ചെയ്യുകയും അൻസാരി പോസ്റ്റ് വീണ്ടും ഡിലീറ്റ് ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു.
ഇതിന് പിന്നാലെ സ്കൂളിന് പുറത്ത് തടിച്ചുകൂടിയ ചില ഗ്രാമവാസികൾ പ്രിൻസിപ്പലിനെതിരെ പ്രകടനം നടത്തുകയും അദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സാമുദായിക സൗഹാർദ്ദം ലംഘിച്ചുവെന്നാരോപിച്ച് സ്കൂൾ പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിനെതിരെ ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്) സെക്ഷൻ 127 പ്രകാരം നടപടികൾ ആരംഭിക്കുകയും ചെയ്തു. ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്.