തലസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി കുടിവെള്ളം മുടങ്ങിയതോടെ ബുദ്ധിമുട്ടിലായി ജനങ്ങള്‍. ഇതോടെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ – സെപ്റ്റംബർ 9 – ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ നാളെ നടക്കുന്ന പ്രവേശന നടപടികൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചു. കോർപറേഷൻ പരിധിയിലെ സ്കൂളുകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കലക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. കുടിവെള്ള പ്രശ്നം എപ്പോൾ തീരുമെന്ന് അറിയാത്ത സാഹചര്യത്തിലാണ് അധികൃതരുടെ നീക്കം. എന്നാൽ ഓണപ്പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ അവധി പ്രഖ്യാപിച്ചതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
നേരത്തെ, വെള്ള പ്രശ്നം വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്ന് അറിയിച്ചെങ്കിലും രാത്രിയായിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. വീണ്ടും ഒന്നര മണിക്കൂർ വേണമെന്നാണ് വി ശിവൻകുട്ടി പറയുന്നത്. അതേ സമയം, പൈപ്പ് മാറ്റിയിടൽ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.