KeralaNews

തുണിസഞ്ചിയടക്കം 14 ഇനങ്ങള്‍; റേഷൻ കടകളില്‍ ഓണക്കിറ്റ് നാളെ മുതല്‍

തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ. ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ ആറ് ലക്ഷത്തോളം വരുന്ന എ എ വൈ (മഞ്ഞ) കാർഡുടമകള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ പി ഐ കാർഡുടമകള്‍ക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍ നിർവഹിക്കും.

ഓണക്കിറ്റുകള്‍ സംസ്ഥാനത്തെ റേഷൻ കടകള്‍ വഴി നാളെ മുതല്‍ വിതരണം ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് സെപ്റ്റംബർ 10 മുതല്‍ ഉദ്യോഗസ്ഥർ കിറ്റുകള്‍ നേരിട്ട് എത്തിക്കും. ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ നാല് പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക. മുൻ വർഷങ്ങളിലേതുപോലെ സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് കിറ്റിലെ ഉല്‍പ്പന്നങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്.

ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പർപൊടി, മുളക്പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്. അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ അംഗങ്ങള്‍ക്കും പെൻഷണർമാർക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും കെട്ടിടനിർമ്മാണ ക്ഷേമ ബോർഡിൻ്റെ ആശ്വാസ ധനസഹായം വിതരണം ചെയ്തു. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതർക്ക് 4 ലക്ഷം രൂപയും പെൻഷണർമാരുടെ ആശ്രിതർക്ക് 1 ലക്ഷം രൂപയും പരിക്കേറ്റ അംഗങ്ങള്‍ക്ക് 50,000 രൂപയും മറ്റ് രീതിയില്‍ ദുരന്തം ബാധിച്ചവർക്ക് 5000രൂപയുമാണ് ആശ്വാസ ധനസഹായമായി നല്‍കിയത്. മരണമടഞ്ഞ അന്യസംസ്ഥാന തൊഴിലാളികളുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയും വിതരണം ചെയ്തു. 32 പേർക്കായി 15,35,000 രൂപയുടെ ധനസഹായമാണ് ആദ്യഘട്ടത്തില്‍ ബോർഡ് വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *