
പ്രവാസികൾക്ക് വേണ്ടിയുള്ള അഹമ്മദിൻ്റെ പോരാട്ടം നാല് പതിറ്റാണ്ടിലേക്ക്
പ്രവാസി ബന്ധു പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് ഒൻപതാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സംഘടിപ്പിക്കും. എറണാകുളം ദർബാർ ഹാൾ റോഡിലുള്ള ഭാരത് ടൂറിസ്റ്റ് ഹോം ഹാളിലാകും യോഗം സംഘടിപ്പിക്കും. പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് എന്ന കർമ്മയോഗിയാണ് പ്രവാസി പെൻഷൻ സംഘാടനത്തിൻ്റെ ശില്പിയും നേതൃനായകനും.
ഇന്ത്യയിലെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായി എൺപതുകൾ മുതൽ പ്രവർത്തനം ആരംഭിച്ച ക്രാന്ത ദർശിയായ ഡോ. അഹമ്മദിൻറെ പ്രവർത്തന വിജയമാണ് ഇന്ന് കാണുന്ന പ്രവാസി ക്ഷേമ പദ്ധതികളുടെ മൂലക്കല്ല്. 1988 മുതൽ ഡോ. അഹമ്മദ് ധീരമായ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്ത് രംഗത്തുണ്ട്. ആദ്യ കാലങ്ങളിൽ പ്രവാസി ക്ഷേമത്തിന് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ അഹമ്മദിൻറെ സാമൂഹിക ബോധവും ദീർഘ വീക്ഷണവും മനസിലാക്കി നിരവധി പേർ അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു.

ഇന്ത്യയിൽ പ്രവാസി സമൂഹത്തിനെ പരിരക്ഷിയ്ക്കുള്ള പ്രവാസി പെൻഷൻ പദ്ധതി നടപ്പിലാക്കി കേരളം ചരിത്രം കുറിച്ചതിന്റെ ചാലക ശക്തി ഡോ. അഹമ്മദായിരുന്നു. മൂന്ന് വർഷം മുൻപ് കേരളത്തിൽ രൂപം കൊണ്ട പ്രവാസി പെൻഷൻ സമൂഹത്തിൻ്റെ ഇന്ത്യയിലെ ആദ്യ സംഘാടന ശക്തിയും അദ്ദേഹം തന്നെ. രാജ്യത്തെ ആദ്യ പ്രവാസി സംഘാടനത്തിൻ്റെ ശക്തിയായി മാറി ചരിത്രത്തിൻ്റെ ഭാഗമായ ആൾ കേരള ഗൾഫ് റിട്ടേണീസ് ഓർഗനൈസേഷൻ്റെ സ്ഥാപകനും കൂടിയാണ് പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്.
1996 ൽ ഇ. കെ. നായനാർ മന്ത്രിസഭ നോർക്കാ വകുപ്പ് രൂപീകരിച്ചതും അദ്ദേഹം ഒറ്റയ്ക്ക് നടത്തിയ പോരാട്ടങ്ങളുടെ ഫലം ആയിരുന്നു. ഇത് കേരള സമൂഹത്തിൽ പ്രവാസികളുടെ പ്രാധാന്യം രേഖപ്പെടുത്തുന്നതിലേക്ക് വഴിവെച്ചു.
പിന്നീട് തുടർച്ചയായി നടത്തിയ പ്രവർത്തനങ്ങൾ പ്രവാസി പെൻഷൻ പദ്ധതി വരെ എത്തി നിൽക്കുന്നു. 60 വയസ് കഴിഞ്ഞ് മടങ്ങിയെത്തിയ പ്രവാസികൾക്ക് പെൻഷൻ നൽകുന്ന ഉദാത്തമായ ക്ഷേമ പദ്ധതിയാണിത്. പ്രവാസി ക്ഷേമം നടപ്പാക്കുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് പ്രവാസി ബന്ധു അഹമ്മദ് തൻ്റെ ആയുസിൻറെ ഭൂരിഭാഗവും ഉഴിഞ്ഞ് വെച്ചത്.

രൂപീകരിച്ച് മൂന്നു കൊല്ലം കൊണ്ട് കേരളത്തിലെ 11 ജില്ലകളിൽ വേരുറപ്പിച്ച പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ്റെ പുതിയ സംസ്ഥാന നേതൃത്വത്തെ തിരഞ്ഞെടുക്കുന്ന യോഗമാണ് എറണാകുളം ദർബാർ ഹാളിൽ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.