തിരുവനന്തപുരം: പി.വി. അൻവറിന് പിന്നിൽ സിപിഎമ്മിലെ താപ്പാനകളെന്ന് എം.കെ. മുനീർ. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സ്ഫോടനാത്മകമായ സാഹചര്യത്തിന്റെ ചെറിയ പ്രതിഫലനം മാത്രമാണിതെന്നും ലീഗ് നേതാവായ മുനീർ പറഞ്ഞു. അൻവറിനും ജലീലിനും റസാഖിനും പിന്നിൽ സിപിഎമ്മിലെ വലിയ സംഘമാണ്. മുഖ്യമന്ത്രിക്കെതിരെ ഭരണപക്ഷത്തെ ഒരു സംഘമുണ്ടെന്നും മുനീർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയരുന്ന ആരോപണങ്ങൾ യുഡിഎഫ് ഗൗരവമായി ചർച്ച ചെയ്യും. സിപിഐയും എൽഡിഎപിലെ മറ്റ് ഘടക കക്ഷികളും നിലപാട് വ്യക്തമാക്കണമെന്നും മുനീർ ആശ്യപ്പെട്ടു.
ഭരണപക്ഷ എം എൽ എ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറിച്ചുള്ള അഴിമതി കഥകൾ പുറത്ത് വിട്ടത് ഇടതുപക്ഷത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. തുടക്കം മുതൽ തന്നെ മുഖ്യമന്ത്രിയെ ഉന്നം വെച്ച ആരോപണങ്ങളാണ് പി വി അൻവർ ഉന്നയിക്കുന്നത്.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പരോക്ഷമായി മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം ആണെന്ന് പറഞ്ഞിരുന്നു. ഭരണ തലത്തിൽ നടപടി എടുക്കേണ്ട വിഷയമാണ് എന്നായിരുന്നു ഗോവിന്ദൻറെ പ്രതികരണം.