KeralaNationalNews

ആന്ധ്രാപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലർമാർ അറസ്റ്റിൽ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിനെ വിറപ്പിച്ച വനിതാ സീരിയൽ കില്ലർമാർ അറസ്റ്റിൽ. തെനാലി ജില്ല കേന്ദ്രീകരിച്ച് മോഷണവും കൊലപാതകവും നടത്തിയ മൂന്ന് സ്ത്രീകളെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്.

മുനഗപ്പ രജനി, മഡിയാല വെങ്കിടേശ്വരി, ഗുൽറ രമണമ്മ എന്നിവരെയാണ് ആന്ധ്രാപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ പണമോ സ്വർണമോ ഉള്ള അപരിചിതരുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കാൻ സയനൈഡ് കലർത്തിയ പാനീയങ്ങൾ നൽകി കൊലപ്പെടുത്തുകയുമായിരുന്നു ഇവരുടെ രീതി. ഇരകൾ മരിക്കുമ്പോൾ ഇവർ അവരുടെ കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ എടുത്ത് ഓടിപ്പോകും. ഇവർ ഇത്തരത്തിൽ മൂന്നു സ്ത്രീകളടക്കം നാലുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ജൂണിൽ നാഗൂർ ബി എന്ന സ്ത്രീയെ സീരിയൽ കില്ലർമാർ കൊലപ്പെടുത്തിയതോടെയാണ് സീരിയൽ കൊലപാതകങ്ങളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിക്കുന്നത്. ഇവർ മറ്റ് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവർ രക്ഷപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. ഈ സംഘത്തിൻ്റെ പ്രധാനി മഡിയാല വെങ്കിടേശ്വരിയാണ്. 32 കാരിയായ വെങ്കിടേശ്വരി തെനാലിയിൽ നാല് വർഷത്തോളം സന്നദ്ധപ്രവർത്തകയായി ജോലി ചെയ്യുകയും പിന്നീട് കംബോഡിയയിലേക്ക് പോകുകയും അവിടെ സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്.

പ്രതികളുടെ കയ്യിൽ നിന്നും സയനൈഡും മറ്റ് തെളിവുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മാത്രമല്ല ഇവർക്ക് സയനൈഡ് നൽകുന്ന ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ യുവതികൾ കുറ്റം സമ്മതിച്ചതായും തെനാലി പോലീസ് സൂപ്രണ്ട് സതീഷ് കുമാർ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *