അജിത് കുമാർ ആർ എസ് എസിനും പിണറായിക്കും ഇടയിലെ ദൂതൻ; വി. ഡി. സതീശൻ

എഡിജിപി എംആർ അജിത്കുമാറും ആർഎസ്എസ് നേതാവ് ദത്തത്രേയ ഹൊസബെലയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ വിവരം സ്ഥിതീകരിച്ചതിന് പിന്നാലെയാണ് വി ഡി സതീശൻ വിമർശനം കടുപ്പിച്ചത്.

vd satheeshan and pinarayi vijayan

തിരുവനന്തപുരം: എം ആർ അജിത് കുമാർ പിണറായിക്കും ആർ എസ് എസിനുമിടയിലെ ദൂതനാണെന്ന് പ്രതിപക്ഷ നേതാവ്. എഡിജിപി എംആർ അജിത്കുമാറും ആർഎസ്എസ് നേതാവ് ദത്തത്രേയ ഹൊസബെലയും തമ്മിൽ കൂടിക്കാഴ്ച നടത്തിയ വിവരം സ്ഥിതീകരിച്ചതിന് പിന്നാലെയാണ് വി ഡി സതീശൻ വിമർശനം കടുപ്പിച്ചത്.

എംവി ഗോവിന്ദൻ മുഖ്യമന്ത്രിയെ കഴിവില്ലാത്തവനാക്കി കാട്ടി അപമാനിക്കുകയാണ്. അജിത്തിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നാണ് ഗോവിന്ദൻ പറഞ്ഞതിൻ്റെ അർത്ഥം. അതാണ് ഭരണ തലത്തിലാണ് നടപടി വേണ്ടതെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞത്. കുഴൽപ്പണ കേസ് സെറ്റിൽ ചെയ്തതിൻ്റെ നന്ദി പ്രകടനമാണ് സുരേന്ദ്രൻ നടത്തുന്നത്. പിവി അൻവറും ആരോപണങ്ങൾ മുഖ്യനെ ലക്ഷ്യം വെച്ചാണ് ഉയർത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൊലീസിനെക്കൊണ്ട് പൂരം കലക്കിയെന്നും വി ഡി സതീശൻ പറഞ്ഞു. ഇക്കാര്യങ്ങൾ താൻ നേരത്തെ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പുതിയ വിവരങ്ങൾ പുറത്തുവന്നതോടെ അത് ശരിയാണെന്ന് വ്യക്തമായില്ലേ എന്നും അദ്ദേഹം ചോദിച്ചു. പല കേസുകളും ഒത്തുതീർപ്പാക്കാൻ ബെഹ്റയെ മുമ്പ് പിണറായി ഉപയോഗിച്ചിട്ടുണ്ട്. അതിൻറെ തുടർച്ചയാണ് ഇതും. സിപിഎം- ബിജെപി അവിഹിത ബാന്ധവമുണ്ടെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിട്ടുണ്ട്. പിണറായിക്ക് എതിരെയുള്ള അന്വേഷങ്ങളിൽ ഒരു പ്രത്യേക പ്രിവിലേജ് കേന്ദ്രം നൽകുന്നുണ്ട് എന്നത് വ്യക്തമാണ്. മുഖ്യമന്ത്രി പറഞ്ഞിട്ടല്ല അജിത്കുമാർ പോയതെങ്കിൽ ഇക്കാര്യം അറിയുമ്പോൾ വിശദീകരണം ചോദിക്കില്ലേ എന്നും അദ്ദേഹം ചോദ്യം ഉയർത്തി.

ഒരുപാട് രഹസ്യങ്ങൾ അറിയുന്നതു കൊണ്ടാണ് എഡിജിപിയെയും പി ശശിയെയും മാറ്റാൻ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്നും സതീശൻ കൂട്ടിച്ചേർത്തു. പിണറായിയുടെ ഓഫീസിലെ ഉപജാപകസംഘത്തിൽ മന്ത്രിസഭയിലെ ഒരു ഉന്നതനും ഉണ്ട്. അതുകൊണ്ടാണ് ഈ കൊട്ടാര വിപ്ലവം നടക്കുന്നതെന്നും വിഡി സതീശൻ വിമർശിച്ചു. രണ്ടു പേരുടെ പേര് പുറത്തു വന്നു കഴിഞ്ഞു. മൂന്നാമനായ മന്ത്രിയുടെ പേരും വൈകാതെ പുറത്തു വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments