CinemaInternationalNational

ഫ്രഞ്ച് ഇതിഹാസം അലൻ ദെലോ അന്തരിച്ചു

ഇതിഹാസ ഫ്രഞ്ച് സിനിമാതാരം അലൻ ദെലോ അന്തരിച്ചു. 88 വയസായിരുന്നു. ഞായറാഴ്ച ഡൗചിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കാൻസർ ചികിത്സയിലായിരുന്നു താരം. കുടുംബം തന്നെയാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.

ക്ലാസിക് ചിത്രങ്ങളായ ലേ സമുറായ്, പര്‍പ്പിള്‍ മൂണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. 1960–80 കാലത്ത് യൂറോപ്യൻ സിനിമയിലെ സൂപ്പർതാരങ്ങളിലൊരായിരുന്നു ദെലോ. പതിനേഴാം വയസ്സിൽ ഫ്രഞ്ച് സൈന്യത്തിൽ ചേർന്ന അദ്ദേഹം രണ്ടാം ലോകയുദ്ധകാലത്ത് ഇന്തോചൈനയിൽ സേവനമനുഷ്ഠിച്ചു. ഫ്രാൻസിൽ തിരിച്ചെത്തി പോർട്ടറായി ജോലിചെയ്യുന്നതിനിടെ ഫ്രഞ്ച് നടൻ ഴാങ് ക്ലോദ് ബ്രൈലി ദെലോയെ പരിചയപ്പെടുന്നതോടെയാണ് അലൻ ദെലോയുടെ ജീവിതം മാറിമറിയുന്നത്.

1960ൽ പുറത്തിറങ്ങിയ ഇറ്റാലിയൻ സംവിധായകൻ ലുക്കിനോ വിസ്കോണ്ടിയുടെ റോക്കോ ആൻഡ് ബ്രദേഴ്സ് ആണ് ശ്രദ്ധേയമായ കഥാപാത്രം. എനി നമ്പർ കാൻ വിൻ, ദ് ലെപേഡ്, ദ് ഗോഡ്‌സൻ,‌ ദ് സ്വിമ്മിങ് പൂൾ , ബോർസാലിനോ , സോറോ തുടങ്ങിയ സിനിമകളിൽ വേഷമിട്ടു.

ഈ വര്‍ഷം ആദ്യമാണ് അലന്‍ ദെലോയുടെ മകന്‍ ആൻ്റണി അച്ഛന് ലിംഫോമ ബാധിച്ചെന്ന് വെളിപ്പെടുത്തിയത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മാസങ്ങളായി പൊതുവേദിയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. നിരവധി പേരാണ് വിഖ്യാത നടന് ആദരാഞ്ജലികളുമായി എത്തിയത്. ഫ്രഞ്ച് സംസ്കാരത്തിലെ അതികായകനാണു ദെലോയെന്നാണ് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *