ഗ്രീസിലെ വോലോസ് തുറമുഖ നഗരത്തിൽ ആയിരക്കണക്കിന് മത്സ്യങ്ങൾ ചത്തു പൊങ്ങിയത് വലിയ പ്രതിസന്ധിയിലേക്ക് നയിച്ച സാഹചര്യത്തിൽ, നഗരത്തിൽ ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പഗാസെറ്റിക് ഉൾക്കടലിൽ നടന്ന ഈ ദൗർഭാഗ്യകരമായ സംഭവം സമീപവാസികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതായി റിപ്പോർട്ടുകളുണ്ട്. രാജ്യാന്തര മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം 100 ടണ്ണിലധികം ചത്ത മത്സ്യങ്ങൾ ഇതിനകം തന്നെ നീക്കം ചെയ്തു.
ഈ ദൗർഭാഗ്യകരമായ അവസ്ഥയ്ക്ക് കാരണം, തെസ്സലി മേഖലയിൽ ഉണ്ടായ രൂക്ഷമായ വെള്ളപ്പൊക്കമാണെന്നാണ് കരുതപ്പെടുന്നത്. വെള്ളപ്പൊക്കത്തിൽ സമീപത്തെ തടാകം കരകവിഞ്ഞൊഴുകിയതോടെ ശുദ്ധജലത്തിൽ ജീവിക്കുന്ന മത്സ്യങ്ങൾ കടലിലേക്ക് ചേക്കേറി. അവിടെ ഉപ്പുവെള്ളത്തിൽ അവർക്ക് ജീവിക്കാൻ കഴിഞ്ഞില്ല, ഇതാണ് മത്സ്യങ്ങളുടെ മരണത്തിന് കാരണമായതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഇതിന്റെ ഫലമായി, വോലോസിലെ വിനോദസഞ്ചാര മേഖലയും ഹോസ്പിറ്റാലിറ്റി വ്യവസായവും തകർച്ചയിലേക്ക് നീങ്ങിയിരിക്കുകയാണ്. വെള്ളപ്പൊക്കത്തിനുശേഷം സന്ദർശകരുടെ എണ്ണം 80 ശതമാനം വരെ കുറയുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
സ്ഥിതിഗതികൾ നിയന്ത്രിക്കാനായി ഗ്രീക്ക് കാലാവസ്ഥാ മന്ത്രാലയം തുറമുഖം വൃത്തിയാക്കുന്നതിനായി ധനസഹായവും മറ്റ് സാമഗ്രികളും നൽകുന്നു. കടലിലേക്ക് ചത്ത മത്സ്യങ്ങൾ ഒഴുകിയെത്തുന്നതിന് തടയാൻ നദികളുടെ പുറമേത്തുള്ള ഭാഗങ്ങളിൽ പ്രത്യേക വലകൾ സ്ഥാപിക്കുകയാണ്. പ്രാദേശിക ബീച്ചുകളിൽ നിന്ന് ധാരാളം ചത്ത മത്സ്യങ്ങളെ ഇതിനകം നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു.