ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾക്ക് യുക്രൈനുമായുള്ള സമാധാന ചർച്ചകൾക്ക് ഇടനിലക്കാരാകാമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുട്ടിൻ. റഷ്യൻ ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയ്നമായുള്ള സമാധാന ചർച്ചയ്ക്ക് ഇടനിലക്കാരാകാൻ സാധ്യതയുള്ള രാജ്യങ്ങൾ എതൊക്കെ എന്ന ചോദ്യത്തിനായിരുന്നു ചൈന, ഇന്ത്യ, ബ്രസീൽ എന്ന് വ്ളാദിമിർ പുതിൻ മറുപടി നൽകിയത്. ഞങ്ങൾ പരസ്പര വിശ്വാസമുണ്ട്, അവരുമായി സമ്പർക്കത്തിലാണെന്നും അദ്ദേഹം മറുപടി പറഞ്ഞു. ഉടമ്പടി ചർച്ചകൾ തുടരാൻ യുക്രെയ്ൻ തയ്യാറാണെങ്കിൽ താനും തയ്യാറാണെന്നും പുട്ടിൻ കൂട്ടിച്ചേർത്തു.
യുക്രെയ്ൻ – റഷ്യ സംഘർഷം നേരിട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ കൂടിയല്ലാതെ മൂന്നാമതൊരു രാജ്യത്തെ ഇടനിലക്കാരാക്കിക്കൊണ്ടുള്ള സമാധാന ചർച്ചകൾക്കാണ് പുതിൻ വഴി തുറന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശനത്തിന് പിന്നാലെയാണ് പുട്ടിൻ്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
രണ്ടാഴ്ച മുൻപാണ് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയത്. മധ്യസ്ഥതയ്ക്കായി ചൈന, ബ്രസീൽ എന്നിവയ്ക്കൊപ്പം ഇന്ത്യയും രംഗത്തുണ്ടെന്നും സമാധാനചർച്ച യാഥാർഥ്യമാക്കാൻ ഇന്ത്യയ്ക്കു കഴിയുമെന്നും റഷ്യൻ പ്രസിഡൻെറിൻെറ് വക്താവ് ദിമിത്രി പെസ്കോവും പറഞ്ഞു.
യുദ്ധത്തിൻ്റെ ആദ്യഘട്ടത്തിൽ റഷ്യ–യുക്രെയ്ൻ പ്രതിനിധികൾ ഇസ്തംബുളിൽ യോഗം ചേർന്ന് സമാധാന കരാറിന് പ്രാഥമിക ധാരണ ഉണ്ടാക്കിയിരുന്നു. പക്ഷേ ഇതു നടപ്പായില്ല. ഈ പ്രാഥമികധാരണ അടിസ്ഥാനമാക്കി പുതിയ ചർച്ച ആരംഭിക്കാമെന്നും പുട്ടിൻ പറഞ്ഞു.
അതേസമയം യുക്രെയ്നിൻ്റെ പുതിയ വിദേശകാര്യ മന്ത്രിയായി ആന്ദ്രി സിബിഹയെ സെലെൻസ്കി നിയമിച്ചു. സംഘർഷമേഖലയായ കിഴക്കൻ യുക്രെയ്നിലെ സവിറ്റ്നെ ഗ്രാമം റഷ്യ പിടിച്ചു. കഴിഞ്ഞ രാത്രി റഷ്യയുടെ 60 ഡ്രോണുകൾ വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു.