ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശികകൾ ഇപ്പോൾ തന്നെ നൽകുമെന്ന് മുഖ്യൻ പ്രസ്താവന നടത്തിയിട്ട് മാസം രണ്ടു കഴിഞ്ഞു. മുഖ്യൻ ഈ പ്രസ്താവന നടത്തിയപ്പോൾ ജീവനക്കാർക്കും പെൻഷൻകാർക്കും ഏറെ ആശ്വാസമായെങ്കിലും ഇതുവരെയും ഒരു കുടിശികയും നൽകിയില്ലെന്ന് മാത്രമല്ല പതിവുപോലെ എല്ലാം പ്രസംഗത്തിലും പ്രസ്താവനയിലും മാത്രം ഒതുങ്ങിയിരിക്കുകയാണ്. തങ്ങളുടെ കുടിശിക തുക എവിടെ എന്നാണ് ഇപ്പോൾ ജീവനക്കാരും പെൻഷൻകാരും ചോദിക്കുന്നത്. മുഖ്യൻ എല്ലാം ഇപ്പോൾ ശര്യാക്കിത്തരാമെന്ന് പറഞ്ഞ ആ പ്രസംഗം ഇങ്ങനെയാണ്.
ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടിശികകൾ തടഞ്ഞ് വച്ചത് ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനിയ തോൽവിയുടെ കാരണങ്ങളിൽ ഒന്നായി വിലയിരുത്തൽ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തടഞ്ഞ് വച്ച കുടിശികകളും ആനുകൂല്യങ്ങളും അനുവദിക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുന്നത്. എന്നാൽ സാധാരണഗതിയിൽ കുടിശികകൾ സംബന്ധിച്ച പ്രസ്താവന നടത്തേണ്ടത് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആണ്. ജീവനക്കാർക്കും പെൻഷൻക്കാർക്കും ഏറ്റവും രോഷം ഉള്ളത് ബാലഗോപാലിനോടാണെന്ന് മനസിലാക്കിയ മുഖ്യമന്ത്രി, ധനമന്ത്രിയെ ഒഴിവാക്കി പ്രസ്താവന നടത്താൻ മുന്നിട്ട് വരികയായിരുന്നു.
എന്നാൽ പറഞ്ഞു 2 മാസം കഴിഞ്ഞിട്ടും കുടിശികയൊന്നും അനുവദിക്കാത്തത് എന്ത് എന്ന ചോദ്യത്തിന് ഭരണാനുകൂല നേതാക്കൾക്ക് ഉത്തരമില്ല. ഇപ്പം ശരിയാക്കാം എന്ന കുതിരവട്ടം പപ്പുവിൻ്റെ സിനിമ ഡയലോഗാണ് നേതാക്കൾ പകരം പറയുന്നത്. എന്തായാലും അണികളുടെ രോഷത്തിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഭരണാനുകൂല സർവീസ് സംഘടന നേതാക്കൾ.