ഒരു പാർട്ടിക്കുള്ളിലെ നേതാക്കൾ അധികാരത്തിന് വേണ്ടി പരസ്പരം പോരടിക്കുന്ന കാഴ്ച ഇന്ന് കേരള രാഷ്ട്രീയത്തിൽ നിത്യ സംഭവമാണ്. അത്തരത്തിൽ എൻ സി പിക്കുള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന പോര് ഇപ്പോൾ ആളിക്കത്തി വനം മന്ത്രി എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം തെറിക്കുമെന്ന സ്ഥിതിയിൽ എത്തിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ ശശീന്ദ്രനെതിരായ പടയൊരുക്കം ശക്തി പ്രാപിക്കുകയാണ് എന്നാണ് സൂചിപ്പിക്കുന്നത്. പാര്‍ട്ടിയില്‍ നടന്ന ചര്‍ച്ചയുടെ പൊതുവികാരം സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രി പദവി എന്‍ സി പിയുടെ ആഭ്യന്തര കാര്യമാണ് എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതോടെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് നിന്നും മാറാനുള്ള സാധ്യതയാണ് തെളിയുന്നത്.
എന്നാൽ, തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന നീക്കത്തിന് വഴങ്ങി കൊടുക്കാന്‍ ശശീന്ദ്രനും തയ്യാറായിട്ടില്ല. മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയാല്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കും എന്നാണ് ശശീന്ദ്രന്‍ ഭീഷണി മുഴക്കിയത്. ചര്‍ച്ചയ്ക്ക് വന്ന പാര്‍ട്ടി നേതാക്കളോടും ശശീന്ദ്രന്‍ ഈ നിലപാട് ആവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇത് ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കാരണം, എ കെ ശശീന്ദ്രൻ എം എൽ എ സ്ഥാനവും രാജിവച്ചാൽ ഉടൻ തന്നെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. എന്നാൽ ഇപ്പോൾ ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ സംസ്ഥാന സർക്കാർ തയ്യാറാകില്ല എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം, എ കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പറഞ്ഞ് സമ്മര്‍ദ്ദം ചെലുത്തുന്നത് തോമസ് കെ തോമസ് എം എല്‍ എയാണ്. പകരം തന്നെ മന്ത്രിയാക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ശശീന്ദ്രനായിരുന്നു മന്ത്രി. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരമേറിയപ്പോഴും എ കെ ശശീന്ദ്രന് തന്നെയായിരുന്നു എന്‍ സി പിയില്‍ നിന്ന് മന്ത്രിസ്ഥാനത്തേക്ക് നറുക്ക് വീണത്. എന്നാല്‍ അന്ന് മുതല്‍ കുട്ടനാട് എം എല്‍ എ ആയ തോമസ് കെ തോമസ് മന്ത്രിസ്ഥാനത്തിന് വേണ്ടി പിടിവലി നടത്തുന്നുണ്ട്. രണ്ടരവര്‍ഷം കഴിഞ്ഞ് മാറണമെന്ന ഉപാധിയും തോമസ് കെ തോമസ് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ശശീന്ദ്രന്‍ അതിലൊന്നും വഴങ്ങിയിരുന്നില്ല.
അതേസമയം, രണ്ടാം പിണറായി സർക്കാർ അധികാരത്തിലേറി രണ്ടര വര്‍ഷം കഴിഞ്ഞപ്പോള്‍ പിണറായി മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വന്നിരുന്നു. ഇടതുമുന്നണി മുന്‍തീരുമാനപ്രകാരം ഗതാഗത മന്ത്രി ആന്റണി രാജു മാറി കേരള കോണ്‍ഗ്രസ് (ബി)യുടെ കെ.ബി.ഗണേഷ് കുമാര്‍ മന്ത്രിയായി. INL മന്ത്രിയായ അഹമ്മദ് ദേവർകോവിൽ മാറി കടന്നപ്പള്ളി രാമചന്ദ്രന്‍ മന്ത്രിയായി. ഇതെല്ലാം ചെറുപാര്‍ട്ടികള്‍ക്ക് രണ്ടര വര്‍ഷം മന്ത്രിസ്ഥാനം എന്ന മുന്‍ തീരുമാനം അനുസരിച്ചായിരുന്നു. ഇതേ ആവശ്യമാണ് ഇപ്പോൾ തോമസ്.കെ.തോമസും ഉയര്‍ത്തുന്നത്.
അതേസമയം അന്നെല്ലാം പി സി ചാക്കോയുടേയും മറ്റ് മുതിര്‍ന്ന നേതാക്കളുടേയും പിന്തുണ ശശീന്ദ്രനൊപ്പമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. നിലവില്‍ സാഹചര്യം കറങ്ങി തിരിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ തോമസ് കെ തോമസ് പക്ഷത്തിനാണ് ശക്തി കൂടുതലുള്ളതെന്ന് വ്യക്തമാണ്. കാരണം, പി സി ചാക്കോ വരെ ഇപ്പോൾ തോമസ് കെ തോമസ് പക്ഷത്തിനൊപ്പമാണ്. ചില മതമേലധ്യക്ഷന്മാര്‍ ഇടപെട്ട് തോമസ് കെ തോമസിനെയും പി സി ചാക്കോയെയും അനുനയത്തിലെത്തിക്കുകയായിരുന്നു എന്നാണ് വിവരം. അതോടൊപ്പം ഭൂരിപക്ഷം ജില്ലാ അധ്യക്ഷന്മാരുടെ പിന്തുണയും ഇവര്‍ക്കുണ്ട്. എന്തായാലും തോമസ് കെ തോമസും പിസി ചാക്കോയും നാളെ ശരദ് പവാറിനെ കാണാനായി മുംബൈയിലേക്ക് പോകുന്നുണ്ട്. അതിനാൽ തന്നെ, ശരദ് പവാര്‍ ഈ വിഷയത്തില്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.