ചരിത്രത്തിലാദ്യമായി ബ്രൂണൈ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ബ്രൂണൈയുടെ ഔദ്യോഗിക കൊട്ടാരമായ ഇസ്താന നൂറുൽ ഇമാനിലായിരുന്നു മോദിക്ക് സ്വീകരണം. ബ്രൂണൈ സുൽത്താൻ ഹസ്സനൽ ബോൾകിയാണ് മോദിയെ സ്വീകരിച്ചത്.
എന്നാൽ മോദിയെ സ്വീകരിക്കുന്ന കൊട്ടാരത്തിൻറെ ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റെസിഡൻഷ്യൽ കൊട്ടാരമെന്ന ഗിന്നസ് റെക്കോർഡ് നേടിയ ഖ്യാതിയുള്ള കൊട്ടാരമാണ് ഇസ്താന നൂറുൽ ഇമാൻ.ബ്രൂണൈ സുൽത്താൻ ലോകത്തിലെ തന്നെ ധനികരിൽ ഒരാളും. ബ്രൂണൈയുടെ ഭരണ സിരാകേന്ദ്രം കൂടിയാണ് ഈ ആഡംബര കൊട്ടാരം.
‘പാലസ് ഓഫ് ദി ലൈറ്റ് ഓഫ് ഫെയ്ത്’ എന്നറിയപ്പെടുന്ന കൊട്ടാരം സുൽത്താൻറെ ഇസ്ലാമിക വിശ്വാസവും ബ്രൂണൈ പാരമ്പര്യവും ഉൾക്കൊള്ളുന്നതാണ്. 1984 ൽ പണിപൂർത്തിയായ കൊട്ടാരം ഫിലിപ്പൈൻ ആർക്കിട്ടെക്റ്റ് ലെൻഡ്രോ വി ലോക്സിൻ ആണ് രൂപകൽപ്പന ചെയ്തത്. മലായ് – ഇസ്ലാമിക് ശിൽപ്പ കല സമന്വയിപ്പിച്ചാണ് കൊട്ടാരം നിർമ്മിച്ചത്.
30 ബില്യൺ ഡോളര്‍ ആസ്തിയാണ് സുൽത്താനുള്ളത്, ഏകദേശം 25 ലക്ഷം കോടി രൂപ വരും ഇത്. ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ കാർ ശേഖരവും സ്വര്‍ണം പൂശിയ കൊട്ടാരവും ബ്രൂണെയ് സുല്‍ത്താന്‍ സ്വന്തമായുള്ളത്. 7,000 ആഡംബര വാഹനങ്ങളാണ് ശേഖരത്തിലുള്ളത്.
ഏറ്റവും വലിയ കൊട്ടാരമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഇസ്താന നൂറുൽ ഇമാൻ കൊട്ടാരത്തിലാണ് സുൽത്താൻ താമസിക്കുന്നത്. രണ്ട് ദശലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന കൊട്ടാരം 22 കാരറ്റ് സ്വർണ്ണം കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അഞ്ച് നീന്തൽക്കുളങ്ങൾ, 1,788 മുറികൾ, 257 കുളിമുറികൾ, 110 ഗാരേജുകൾ എന്നിവയാണ് കൊട്ടാരത്തിലുള്ളത്. 30 ബംഗാൾ കടുവകളെയും വിവിധയിനം പക്ഷികളെയും പാർപ്പിക്കുന്ന ഒരു സ്വകാര്യ മൃഗശാലയും ഒരു ബോയിംഗ് 747 വിമാനവും സുൽത്താന്‍ സ്വന്തമായുണ്ട്.
ബ്രൂണെയുടെ എണ്ണ, വാതക ശേഖരമാണ് സുല്‍ത്താന്റെ സമ്പത്തിന്റെ കരുത്ത്. 1967 ലാണ് ഹസ്സനാൽ ബോൾക്കി ബ്രൂണെയ് സുല്‍ത്താനാകുന്നത്. 1968 ഓഗസ്റ്റ് 1 ന് ബ്രൂണെ ഔദ്യോഗികമായി കിരീടമണിഞ്ഞു. ബ്രൂണെയുടെ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ധനമന്ത്രി എന്നീ ചുമതലകളും അദ്ദേഹം തന്നെയാണ് വഹിക്കുന്നത്.
ഇരുരാജ്യങ്ങളുമായി നാലുപതിറ്റാണ്ട് നീളുന്ന നയതന്ത്രബന്ധമാണുള്ളത്. ബ്രൂണയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കൊണ്ട് ലക്ഷ്യമിടുന്നത്. സന്ദർശനം ഏറ്റവും ഗുണകരമായിരുന്നു എന്ന് മോദി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.