ലഖ്നൗ: സമാജ് വാദി പാർട്ടി അധികാരത്തിലെത്തിയാൽ ബുൾഡോസറുകൾ യോഗിയുടെ നാടായ ഘോരഖ്പൂരിലേക്ക് തിരയുമെന്ന് അഖിലേഷ് യാദവ്. അതിന് കൈക്കരുത്ത് മാത്രം പോരാ മനക്കരുത്തും വേണമെന്ന് യോഗി തിരിച്ചടിച്ചു. ഉത്തർപ്രദേശിൽ യോഗി പിന്തുടരുന്ന ബുൾഡോസർ നയത്തെ വിമർശിച്ച് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്. അദ്ദേഹം യോഗിയുടെ വീടിൻറെ പ്ലാൻ അപ്രൂവ് ചെയ്തോ എന്ന ചോദ്യം ഉയർത്തുകയും വീടിൻറെ പ്ലാൻ പുറത്തുവിടാൻ ധൈര്യമുണ്ടോ എന്ന് വെല്ലുവിളിക്കുകയും ചെയ്തു.
സമാജ് വാദി പാർട്ടിയുടെ യോഗത്തിലാണ് അഖിലേഷ് ബുൾഡോസർ നടപടികൾക്കെതിരെ രംഗത്തെത്തിയത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്നും ബിജെപിയുടെ ശക്തികേന്ദ്രങ്ങൾ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു. 2027ൽ സമാജ്‌വാദി സർക്കാർ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ മുഴുവൻ ബുൾഡോസറുകളും യോഗിയുടെ നാടായ ഗോരഖ്പൂരിലേക്ക് പോകുമെന്നായിരുന്നു അഖിലേഷ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് മറുപടിയുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്.
ബുൾഡോസർ കൈകാര്യം ചെയ്യുന്നതിന് ശാരീരികമായ ശക്തി മാത്രം പോരെന്നും ബുദ്ധിയും ധൈര്യവും ആവശ്യമാണെന്നും യോഗി തിരിച്ചടിച്ചു. ലഖ്‌നൗവിൽ സർക്കാർ ജോലി നിയമന ഉത്തരവ് വിതരണം ചെയ്യുന്ന ചടങ്ങിനിടെയായിരുന്നു യോഗി അഖിലേഷിന് മറുപടി നൽകിയത്. അഖിലേഷിനെ പേരെടുത്ത് പറയാതെയായിരുന്നു യോഗിയുടെ പരാമർശം. ബിജെപിയുടെ ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ആയിരുന്നു യോഗിയുടെ പ്രസംഗം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിയിൽ ബിജെപി അപ്രതീക്ഷിതമായ തിരിച്ചടിയാണ് നേരിട്ടത്.
സംസ്ഥാനത്തെ ബുൾഡോസർ വിവാദത്തിൽ സുപ്രീം കോടതി കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. കുറ്റാരോപിതരായ വ്യക്തികൾക്കെതിരെയുള്ള ബുൾഡോസർ നടപടികൾ സംബന്ധിച്ച് ഔദ്യോഗിക മാർഗനിർദേശങ്ങൾ വേണമെന്ന് തിങ്കളാഴ്ച കോടതി സൂചിപ്പിച്ചു. സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് അഖിലേഷ് യാദവ് രംഗത്തെത്തി. നീതി ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്നായിരുന്നു അഖിലേഷിൻറെ പ്രതികരണം.