BookNews

പെൺവാണിഭത്തിന്റെ അടിവേരുകൾ; കെ.ബി. ഗണേഷ് കുമാറിന്റെ തുറന്നുപറച്ചിൽ

നാലര വർഷം പൂഴ്ത്തിവച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഒരു ഭാഗം മാത്രം പുറത്തുവിട്ടപ്പോൾ മലയാള സിനിമ ലോകവും സിനിമ ലോകത്തോട് ചേർന്ന് നിൽക്കുന്ന ഇടത്പക്ഷ രാഷ്ട്രീയവും വളരെ ഉലഞ്ഞിരിക്കുകയാണ്. സംസ്ഥാന സർക്കാരിൽ സിനിമാക്കാർക്ക് കൂടുതൽ പ്രാതിനിധ്യമുള്ള സമയമാണ് ഇത്. ഇടത്പക്ഷ എം എൽ എ ആയ മുകേഷും അതുപോലെ തന്നെ മന്ത്രിയായ കെ ബി ഗണേഷ് കുമാർ, കേന്ദ്ര മന്ത്രിയായ സുരേഷ് ഗോപി തുടങ്ങിയവരൊക്കെ സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്കും ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്നവരുമാണ്.

ഇതിൽ മുകേഷിനെതിരെ കടുത്ത ആരോപണം ഉണ്ടാവുകയും പോലീസ് കേസെടുക്കുകയും ചെയ്ത സാഹചര്യമുണ്ട്. എന്നാൽ, കെ ബി ഗണേഷ് കുമാർ ഇതുവരെയും ഇതേപ്പറ്റി ഒരു പരസ്യ പ്രതികരണത്തിനു തയാറായിട്ടില്ല. മന്ത്രിയായ അദ്ദേഹം സിനിമ മന്ത്രി അല്ലെന്ന കാരണമാണ് നിരത്തുന്നത്. എന്നാൽ ഇദ്ദേഹം മലയാള സിനിമയിലേക്ക് വരുന്ന പെൺകുട്ടികൾക്ക് ഒരു ഉപദേശം കൊടുത്തിട്ടുണ്ട്. ഇപ്പോഴല്ല…കാലങ്ങൾക്ക് മുൻപാണ്…അത് ഇന്നും പ്രസക്തമാണ്. ആ ഉപദേശം ഇങ്ങനെയാണ്…പണം കൊടുത്തും ശരീരം കൊടുത്തും ആരും സിനിമയിലും സീരിയലിലും ഒന്നുമായിട്ടില്ല. ദയവുചെയ്ത് ചതിക്കുഴികളിൽ പെടരുത് എന്നാണ്. ഇതിന് കാരണമായി കെ ബി ഗണേഷ് കുമാർ പറയുന്നത് രണ്ടു അനുഭവങ്ങളിലൂടെയാണ്.

2012 ൽ പുറത്തിറങ്ങിയ ഗണേഷ്‌കുമാറിന്റെ ലേഖനങ്ങൾ എന്ന പുസ്തകത്തിൽ അത്തരത്തിലൊരു അനുഭവമാണ് മന്ത്രി പങ്കുവച്ചിരുന്നത്. സിനിമ മേഖലയിൽ തുടരണമെങ്കിൽ നായികമാർ പല വിട്ടുവീഴ്ചയ്ക്കും തയാറാകണമെന്ന താരങ്ങളുടെ അതെ വെളിപ്പെടുത്തലാണ് മന്ത്രി കെ ബി ഗണേഷ്‌കുമാറും തന്റെ പുസ്തകത്തിലൂടെ 2012 ൽ നടത്തിയത്. ഇന്ന് ഇടത് മന്ത്രിയായ കെ ബി ഗണേഷ്‌കുമാർ അന്ന് കോൺഗ്രസിലായിരുന്നു.

പെൺവാണിഭത്തിന്റെ അടിവേരുകൾ എന്നാണ് അതിനു നൽകിയിരിക്കുന്ന സബ് ടൈറ്റിൽ എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. സിനിമയിൽ വന്നു കുറച്ചു കാലമായ സമയത്തുള്ള ഒരു സംഭവമാണ് കെ ബി ഗണേഷ്‌കുമാർ തന്റെ ലേഖനത്തിൽ പറയുന്നത്. പ്രായമുള്ള ഒരു നടി ഏകദേശം കൗമാര പ്രായത്തിലുള്ള ഒരു പെൺകുട്ടിയുമായി ഒരു ദിവസം സിനിമ സെറ്റിലേക്ക് വരുകയും സിനിമയിൽ അഭിനയിപ്പിക്കാനെന്ന വ്യാജേന പലരുടെയും കിടപ്പറയിലേക്ക് തള്ളിവിടാൻ ശ്രമിച്ചുവെന്നാണ് കെ ബി ഗണേഷ് കുമാർ ലേഖനത്തിൽ പറയുന്നത്. എന്നാൽ താനും ലാലു അലക്‌സും ചേർന്നാണ് കുട്ടിയെ പറഞ്ഞു മനസിലാക്കി അതിൽ നിന്നും രക്ഷപെടുത്തിയതെന്നും കെ ബി ഗണേഷ് കുമാർ ലേഖനത്തിൽ പറയുന്നുണ്ട്. സിനിമയിൽ നേരെ നിൽക്കുന്നവർക്ക് കുഴപ്പമില്ലെന്നും ദയവുചെയ്ത് ചതിക്കുഴികളിൽ പോയി അകപ്പെടരുത് എന്നൊരു മുന്നറിയിപ്പ് കൂടി നൽകിയാണ് കെ ബി ഗണേഷ്‌കുമാറിന്റെ ലേഖനം അവസാനിക്കുന്നത്.

എന്നാൽ ഇപ്പോൾ ഈ കാര്യം ഇവിടെ പറയാൻ കാരണം ഇങ്ങനൊരു മുന്നറിയിപ്പ് 2012 ൽ നടത്തിയ കെ ബി ഗണേഷ്‌കുമാറിന്റെ വാ ഇപ്പോൾ ഇടത് മന്ത്രിയായപ്പോൾ മൂടികെട്ടിയിരിക്കുകയാണ്. സഹതാരങ്ങൾക്കും ഇടത് മന്ത്രിക്കെതിരെ വരെ ആരോപണം ഉയർന്നപ്പോൾ മന്ത്രിക്ക് ഒരു വെളിപ്പെടുത്തലും നടത്താനുമില്ല. ഒരു അഭിപ്രായം ഇതേപ്പറ്റി പറയാനുമില്ല. ഇടത് സർക്കാരിന്റെയും നേതാക്കന്മാരുടെയും ഇരട്ടത്താപ്പ് തന്നെയാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്.

കാരണം അത്രയും ഗുരുതരമായ വെളിപ്പെടുത്തലും പീഡന വിവരങ്ങളുമാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. കെ ബി ഗണേഷ് കുമാർ ഇപ്പോൾ ഇടത്പക്ഷ മന്ത്രിയാണെങ്കിലും ഒരിക്കൽ തന്റെ സഹപ്രവർത്തകരായിരുന്നവരാണ് ഇപ്പോൾ ഈ വെളിപ്പെടുത്തൽ നടത്തുന്നത്. ഇനി ഒരു പക്ഷെ തന്റെ പല രഹസ്യങ്ങളും ഇനി പുറത്തുവരുമോ എന്ന പേടിയാണോ ഗണേഷ് കുമാറിനെന്നും ആരോപണം ഉയരുന്നുണ്ട്. കാരണം നമുക്കറിയാം 2013 ൽ ആദ്യ ഭാര്യാ യാമിനി തങ്കച്ചി നൽകിയ ഗാർഹിക പീഡന പരാതിയിൽ കെ ബി ഗണേഷ് കുമാറിന് രാജി വയ്‌ക്കേണ്ടതായി വന്നിരുന്നു. കൂടാതെ സോളാർ പീഡനക്കേസിലും കെ ബി ഗണേഷ്കുമാറിന് പങ്കുണെന്ന ആരോപണം ഉയർന്നിരുന്നു. അതിനാൽ തന്നെ ഇതേപ്പറ്റി പ്രതികരിച്ചാൽ തനിക്കും പണിയാകുമോ എന്ന പേടി കെ ബി ഗണേഷ്കുമാറിനുണ്ടെന്നു സാരം.

Leave a Reply

Your email address will not be published. Required fields are marked *