പാരീസ് പാരാലിമ്പിക്സ് 2024 ൻ്റെയും 5-ാം ദിവസം ഇന്ത്യയ്ക്ക് അവിസ്മരണീയ ദിവസം. സുമിത് ആന്റിലും നിതേഷ് കുമാറും സ്വർണവുമായി മുന്നിട്ട് നിന്നതോടെ ആകെ 8 മെഡലുകളാണ് ഇന്ത്യയ്ക്ക് കഴിഞ്ഞ ദിവസം നേടാനായത്.ഇന്ത്യയുടെ ജാവലിൻ ത്രോ സൂപ്പർ സ്റ്റാർ സുമിത് ആന്റിൽ പാരാലിംപിക്സിൽ സ്വർണം നിലനിർത്തി.
ജാവലിൻ ത്രോ എഫ് 64 ഫൈനൽ 70.59 മീറ്റർ എന്ന ഗെയിംസ് റെക്കോഡോടെ വിജയിച്ച് പാരാലിമ്പിക്സ് കിരീടം നിലനിർത്തുന്ന ആദ്യ ഇന്ത്യൻ പുരുഷനായി സുമിത്ത് ആന്റിൽ മാറി. ടോക്യോയിൽ താരം സ്ഥാപിച്ച റെക്കോർഡ് പാരിസിൽ രണ്ട് വട്ടം തിരുത്തിയാണ് സുമിത് സുവർണ നേട്ടം ആവർത്തിച്ചത്. 68.55 മീറ്റർ താണ്ടിയാണ് നാല് വർഷം മുൻപ് സുമിത് ടോക്യോയിൽ റെക്കോർഡോടെ സ്വർണം നേടിയത്. ഇത്തവണ ആദ്യ ശ്രമത്തിൽ 69.11 മീറ്റർ താണ്ടി റെക്കോർഡ് ആദ്യം തിരുത്തി. പിന്നാലെയാണ് 70.59 മീറ്റർ താണ്ടി റെക്കോർഡ് വീണ്ടും പുതുക്കി സ്വർണത്തിൽ മുത്തമിട്ടത്.
നിതേഷ് കുമാറും അരങ്ങേറ്റത്തിൽ തന്നെ ബാഡ്മിൻ്റൺ പുരുഷ സിംഗിൾസ് എസ്എൽ3യിൽ സ്വർണം മെഡൽ നേടി. 2009ൽ ട്രെയിൻ അപകടത്തിൽ ഇടത് കാൽ നഷ്ടപ്പെട്ട ഐഐടി-മാണ്ഡിയിൽ നിന്നുള്ള എഞ്ചിനീയറിംഗ് ബിരുദധാരിയാണ് 29കാരനായ നിതേഷ്. പുരുഷ സിംഗിൾസ് വിഭാഗത്തിൽ ടോക്കിയോ വെള്ളി മെഡൽ ജേതാവായ ബ്രിട്ടൻ്റെ ഡാനിയൽ ബെഥെലിനെ 1-14, 18-21, 23-21 എന്ന സ്കോറിന് ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ഫൈനലിൽ പരാജയപ്പെടുത്തി ടോപ്പ് ഓണേഴ്സ് നേടി.
ഡിസ്കസ് ത്രോ എഫ്56ൽ യോഗേഷ് കതുനിയ വെള്ളി നേടി. വനിതകളുടെ ബാഡ്മിൻ്റൺ സിംഗിൾസ് എസ്യു5ൽ തുളസിമതി മുരുഗേശൻ, പുരുഷ സിംഗിൾസ് എസ്എൽ4ൽ സുഹാസ് യതിരാജ് എന്നിവരും വെള്ളി നേടി. വനിതാ ബാഡ്മിൻ്റൺ സിംഗിൾസ് എസ്യു5വിൽ മനിഷ രാമദാസ് വെങ്കലം സ്വന്തമാക്കി. അമ്പെയ്ത്ത് മിക്സഡ് ടീം ഇനത്തിൽ ശീതൾ ദേവി, രാകേഷ് കുമാർ സഖ്യവും വെങ്കലം നേടി. ബാഡ്മിന്റൺ വനിതാ സിംഗിൾസ് എസ്എച്6ൽ നിത്യ ശ്രീ ശിവനും ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചു.
ഗെയിംസിൻ്റെ അഞ്ചാം ദിനമായ തിങ്കളാഴ്ച രണ്ട് സ്വർണമടക്കം ഇന്ത്യക്ക് എട്ട് മെഡലുകൾ നേടാൻ സാധിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 15 ആയി. 3 സ്വർണം, 5 വെള്ളി, 7 വെങ്കലം മെഡലുകളാണ് ഇന്ത്യയ്ക്കുള്ളത്.