Cinema

താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ല: നടി പത്മപ്രിയ

കൊച്ചി : ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ ലോകത്ത് നിരവധി വെളിപ്പെടുത്തലുകളാണ് അനുദിനം പുറത്തുവന്നു കൊണ്ടിരിക്കുന്നത്. രണ്ടു മാസങ്ങൾക്ക് മുൻപ് തെരഞ്ഞെടുക്കപ്പെട്ട “അമ്മ”യുടെ ഭാരവാഹികളെല്ലാം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരുമിച്ച് രാജിയും വയ്ച്ചിരുന്നു. ഇപ്പോഴിതാ, “അമ്മ” ഭാരവാഹികൾക്കെതിരെയും സർക്കാരിനെതിരെയും തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പത്മപ്രിയ. ‘ആരെല്ലാം നിഷേധിച്ചാലും സിനിമയിൽ പവർ ഗ്രൂപ്പുണ്ട്. ഭാരവാഹികൾ കൂട്ടരാജിവച്ച താരസംഘടനയായ അമ്മയ്ക്ക് തലയും നട്ടെല്ലുമില്ലെന്ന് പത്മപ്രിയ തുറന്നടിച്ചു’. കൂടാതെ, രാജി എന്ത് ധാർമ്മികതയുടെ പേരിലായിരുന്നുവെന്നും താരം ചോദിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പത്മപ്രിയ തുറന്നടിച്ചത്.

ഹേമ കമ്മറ്റി റിപ്പോർട്ട് നാലരവർഷം പുറത്ത് വിടാതിരുന്നതിന്റെ കാരണം സർക്കാർ പറയണം. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാൽ മാത്രം പോര. കമ്മിറ്റി ശുപാർശകളിൽ എന്ത് നടപടികൾ സ്വീകരിക്കുന്നുവെന്നതിൽ ഇപ്പോഴും വ്യക്തതയില്ലെന്നും പത്മപ്രിയ പറഞ്ഞു. അതേസമയം, വെറുമൊരു ലൈംഗികാരോപണം എന്ന നിലയിലാണ് ഇപ്പോഴത്തെ സംഭവങ്ങളെ സിനിമാ സംഘടനകൾ കാണുന്നത്. അധികാര ശ്രേണി ഉള്ളതുകൊണ്ടാണ് ലൈംഗികാതിക്രമം നടക്കുന്നതെന്നും അക്കാര്യം ആരും പരിഗണനയ്ക്ക് എടുക്കുന്നില്ലെന്നും പത്മപ്രിയ പറയുന്നു.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് ഒന്നുമറിയില്ലെന്ന സൂപ്പർ താരങ്ങളുടെ പ്രതികരണത്തിൽ നിരാശയുണ്ട്. ഒന്നുമറിയില്ലെങ്കിൽ എല്ലാമറിയാനുള്ള ശ്രമം നടത്തണമെന്നും പത്മപ്രിയ പറഞ്ഞു. ഇതോടൊപ്പം മലയാള സിനിമയിൽ നിന്നുണ്ടായ ഒരു അനുഭവവും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പത്മപ്രിയ പറയുന്നുണ്ട്. 25 – 26 വയസ്സുള്ളപ്പോൾ ഇപ്പോഴത്തെ ഒരു ലീഡിങ് പ്രൊഡക്ഷൻ മാനേജർ ഇത്രയും വയസ്സായില്ലേ…. പ്രായമായില്ലേ ഇനി നിർത്തിക്കൂടെയെന്നാണ് ചോദിച്ചത്. ഇതാണ് ഇന്നത്തെ കാഴ്ചപ്പാടെന്നും പത്മപ്രിയ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *