National

കൈക്കൂലി പണം ഫ്ലഷ് ചെയ്ത് ഉദ്യോഗസ്ഥൻ; സെപ്റ്റിക് ടാങ്കിൽനിന്ന് വീണ്ടെടുത്തത് 57,000 രൂപ

മുംബൈ കൈക്കൂലി വാങ്ങിയതിൻ്റെ നശിപ്പിക്കാൻ, ഉദ്യോഗസ്ഥൻ ഫ്ലഷ് ചെയ്ത് നശിപ്പിച്ച പണം സെപ്റ്റിക് ടാങ്ക് തുറന്ന് ആൻ്റി കറപ്ഷൻ ബ്യൂറോ കണ്ടെടുത്തു. മുംബൈ കോർപറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രഹ്ലാദ് ശിതോളെയാണ് പിടിയിലായത്.

ആൻ്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ പറയുന്നത് ഇങ്ങനെ: ബോറിവ്‌ലിയിലെ റസ്റ്ററൻ്റിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എൻഒസി (നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) വാങ്ങാൻ ശിതോളയുടെ അടുത്തെത്തിയതായിരുന്നു സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ പരാതിക്കാരൻ. എൻഒസി നൽകണമെങ്കിൽ 1,30,000 രൂപ നൽകണമെന്നാണ് ആവശ്യപ്പെട്ടത്.

പിന്നീട് പലതവണ സംസാരിച്ച് തുക 60,000 ആയി ചുരുക്കി. പരാതിക്കാരൻ ആൻ്റി കറപ്ഷൻ ബ്യൂറോ ഓഫിസിലെത്തി ബിഎംസി ഉദ്യോഗസ്ഥനെ കുടുക്കാനുള്ള കെണി ഒരുക്കി. ഫിനോഫ്തലിൻ പൗഡർ മുക്കിയ, സീരിയൽ നമ്പർ രേഖപ്പെടുത്തിയ 60,000 രൂപ ആൻ്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഇയാൾ ഉദ്യോഗസ്ഥന് കൊടുത്തു. എന്നാൽ അസ്വാഭാവികത മണത്ത ഇയാൾ പണം വീട്ടിലെ ടോയ്‌ലറ്റിൽ ഇട്ട് ഫ്ലഷ് ചെയ്ത് നശിപ്പിക്കുകയായിരുന്നു.

കൈക്കൂലി വാങ്ങിയത് ആദ്യം നിഷേധിച്ചെങ്കിലും പിന്നീടാണ് പണം ഫ്ലഷ് ചെയ്തു നശിപ്പിച്ചെന്ന് സമ്മതിച്ചത്. തൊണ്ടിമുതലായ പണം ആവശ്യമായതിനാൽ സെപ്റ്റിക് ടാങ്ക് തുറക്കാൻ ആൻ്റി കറപ്ഷൻ ബ്യൂറോ ഉദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു. 60,000ത്തിൽ 57,000 രൂപയും പരിശോധനയിൽ ഉദ്യോഗസ്ഥർ കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *