കോട്ടയം: പൊലീസിനെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ ഉറപ്പ്. കോട്ടയത്ത് പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രി സേനയിലെ അച്ചടക്കമില്ലായ്മയെക്കുറിച്ച് വിമർശനാത്മകമായി പരാമർശിച്ചത്. “അച്ചടക്കമില്ലാത്ത പ്രവർത്തികൾ ഒരുവിധത്തിലും വെച്ചുപൊറുപ്പിക്കില്ല” – പിണറായി പറഞ്ഞു. പൊലീസിലെ ഉന്നതർക്കെതിരെ ഉയർന്ന ആരോപണങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ തന്നെ ഇത് അന്വേഷിക്കുമെന്നും അദ്ദേഹം സമ്മേളനത്തിൽ സൂചിപ്പിച്ചു.
ഭരണപക്ഷ എംഎൽഎ പി.വി. അൻവർ പൊലീസിലെ ഉന്നതർക്കെതിരെ ആരോപണം കടുപ്പിച്ച പശ്ചാത്തലത്തിലാണ് മുഖ്യൻറെ പ്രതികരണം. പിണറായിടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയേയും സംശയ നിഴലിൽ നിർത്തുന്ന ആരോപണങ്ങളാണ് പി.വി. അൻവർ ഉന്നയിച്ചത്. അതേസമയം കഴിഞ്ഞ കാലങ്ങളിലായി പൊലീസില്‍ വളരെയേറെ മാറ്റങ്ങളുണ്ടായിട്ടുണ്ട് എന്നും അദ്ദേഹം സമ്മേളനത്തിൽ അവകാശപ്പെട്ടു. പൊലീസിലെ ഒരു വിഭാഗം മാറ്റങ്ങള്‍ക്ക് നേരെ മുഖംതിരിഞ്ഞു നില്‍ക്കുന്നുവെന്നും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യൻ വിമർശിക്കുന്നു.
നല്ല രീതിയിലുള്ള ജനകീയ സേനയായി പൊലീസ് മാറി. ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെയുള്ള സമാധാനപ്പൂർണ്ണമായ സാമൂഹിക ജീവിതം ഉറപ്പുവരുത്താൻ പൊലീസിനായി. ശാസ്ത്രീയ കുറ്റാന്വേഷണ രീതികളിലൂടെ കുറ്റകൃത്യങ്ങള്‍ തെളിയിക്കാൻ കേരള പൊലീസ് പ്രാപ്തമാണെന്നും അദ്ദേഹം സമ്മേളനത്തിൽ പ്രസംഗിക്കവെ പറഞ്ഞു.