
ഡോ. രേണു രാജ് IAS ന്റെ സ്വകാര്യ ആയുർവേദ ചകിത്സക്ക് പണം അനുവദിച്ചു
സ്വകാര്യ ആയുർവേദ ചികിത്സക്ക് ചെലവായ പണം വേണമെന്ന ഡോ. രേണു രാജ് ഐഎഎസിന്റെ ആവശ്യം അംഗീകരിച്ച് സർക്കാർ. ഇതിന് സാധാരണ നിലയില്‍ ചട്ടം ഇല്ലെങ്കിലും പ്രത്യേക കേസായി പരിഗണിച്ച് മുഖ്യമന്ത്രി പണം അനുവദിക്കുകയായിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങി.
കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിലാണ് ഉന്നത ഉദ്യോഗസ്ഥ 15 ദിവസത്തെ സുഖ ചികിൽസ തേടിയത്. 1,61,366 രൂപ കയ്യിൽ നിന്ന് ചികിൽസക്ക് ചെലവായി. ഈ പണം വേണമെന്ന രേണുരാജിൻ്റെ ആവശ്യമാണ് പ്രത്യേക കേസായി പരിഗണിച്ച് മുഖ്യമന്ത്രി നൽകിയത്.
2023 ആഗസ്ത് 29 മുതൽ സെപ്റ്റംബർ 12 വരെയായിരുന്നു രേണു രാജ് ചികിൽസ തേടിയത്. 1,54,152 രൂപയാണ് മുഖ്യമന്ത്രി രേണു രാജിന് അനുവദിച്ചത്. 2015 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥയായ രേണു രാജ് പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറാണ്. വിവാദ ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ്റെ ഭാര്യയാണ് രേണു രാജ്. സ്പെഷ്യൽ കേസായി രേണു രാജിന് ചികിൽസ ചെലവ് അനുവദിച്ചത് ഭരണ സിരാകേന്ദ്രത്തിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
