നവംബറില്‍ നടത്താനൊരുങ്ങുന്ന കോണ്‍ക്ലേവില്‍ 400 ഡെലിഗേറ്റുകള്‍
ഹേമ കമ്മിറ്റി വിവാദത്തിനിടയിൽ സിനിമ കോൺക്ലേവുമായി സർക്കാർ മുന്നോട്ട്. നവംബറിൽ കോൺക്ലേവ് നടത്താനാണ് സർക്കാർ നീക്കം. എറണാകുളത്തായിരിക്കും കോൺക്ലേവ് നടക്കുക.
കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ കരുണിനാണ് കോൺക്ലേവ് നടത്താനുള്ള ചുമതല നൽകിയിരിക്കുന്നത്. 3 മുതൽ 5 ദിവസം വരെ കോൺക്ലേവ് നീണ്ടുനിൽക്കും. വിവിധ സെക്ഷനുകൾ ഉണ്ടാകും. നിലവില്‍ ആരോപണ വിധേയനായിരിക്കുന്ന രഞ്ജിത്ത് ചെയർമാനായുള്ള ചലച്ചിത്ര അക്കാദമിയും കോണ്‍ക്ലേവിന്റെ സംഘാടനത്തിന് നേതൃത്വം വഹിക്കും. സിനിമാ മേഖലയിലെ വേട്ടക്കാരെയും ഇരകളെയും ഒരുമിച്ചിരുത്തിയുള്ള സർക്കാർ പരിപാടിയെന്ന ആക്ഷേപത്തിന് ശക്തി പകരുന്നതായിരിക്കും രഞ്ജിത്തിന്റെ സാന്നിദ്ധ്യം.
2 കോടി രൂപയാണ് പ്രാഥമിക എസ്റ്റിമേറ്റ്. ചെലവ് ഉയരും എന്നാണ് സൂചന. 400 ഓളം ഡെലിഗേറ്റുകൾ പങ്കെടുക്കും. ഇൻ്റർനാഷണൽ ഡെലിഗേറ്റുകളെയും പങ്കെടുപ്പിക്കും. ഇവരുടെ വിമാനക്കൂലി, താമസം, മറ്റ് ചെലവുകൾ സർക്കാർ വഹിക്കും.
സിനിമ രംഗത്തെ എല്ലാ മേഖലകളുടെയും പ്രതിനിധികൾ കോൺക്ലേവിൽ പങ്കെടുപ്പിക്കും. സിനിമ രംഗത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് നയം രൂപീകരിക്കുകയാണ് കോൺക്ലേവിൻ്റെ ലക്ഷ്യം.
മമ്മൂട്ടി , മോഹൻലാൽ , സുരേഷ് ഗോപി, ശോഭന, നയൻതാര തുടങ്ങിയ പ്രധാന താരങ്ങൾ എല്ലാം കോൺക്ലേവിൽ ഉണ്ടാകും. പാർവ്വതി തിരുവോത്ത് , രേവതി ഉൾപ്പെടെയുള്ള WCC ഭാരവാഹികളെയും കോൺക്ലേവിൽ ക്ഷണിക്കും.
ഒരു കോടിയുടെ കൺസൾട്ടൻസി
സിനിമ നയരൂപീകരണത്തിന് കൺസൾട്ടൻസി ചെലവുകൾക്കായി 1 കോടി രൂപ അനുവദിച്ച് സർക്കാർ. മലയാള സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് നയരൂപീകരണത്തിന് കണ്‍സള്‍ട്ടൻസിയെ നിയമിച്ചതിന് പണം അനുവദിച്ചിരിക്കുന്നത്.
സിനിമ നിർമ്മാണ വിതരണ പ്രദർശന മേഖലയിലെ വിവിധ പ്രശ്നങ്ങൾ വിശദമായി പഠിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് കൺസൾട്ടൻസിയെ നിയോഗിച്ചത്. കരട് സിനിമാ നയരൂപീകരണത്തിന്റെ ചെലവുകള്‍ക്കായാണ് ഒരു കോടി രൂപ അനുവദിച്ചിരിക്കുന്നത്.
ചെലവിനായി 1 കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ആഗസ്ത് 5 ന് മന്ത്രി സജി ചെറിയാന് കത്ത് നൽകിയിരുന്നു. 2024- 25 സാമ്പത്തിക വർഷം സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ധനസഹായം അനുവദിക്കുന്ന തുകയിൽ നിന്ന് 1 കോടി അനുവദിക്കാൻ സജി ചെറിയാൻ അനുമതി നൽകി.