മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പരാതി പരിഹാര സെല്‍ സൂപ്പര്‍വൈസിംഗ് ഓഫിസറായി നിയമിക്കപ്പെട്ട ശ്രീറാം വെങ്കിട്ടരാമനെ ഒഴിവാക്കിയേക്കും. ഇദ്ദേഹത്തിന്റ നിയമനത്തിനെതിരെ പൊതുസമൂഹത്തില്‍ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് ശ്രീറാമിനെ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
അടുത്ത ദിവസങ്ങളില്‍ തന്നെ ഇതിന്റെ ഉത്തരവ് ഇറങ്ങുമെന്നാണ് അറിയുന്നത്. നിലവില്‍ ധനവകുപ്പില്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി തസ്തികയില്‍ ജോലി ചെയ്യുകയാണ് ശ്രീറാം. ശ്രീറാമിനെ ധനവകുപ്പില്‍ നിന്ന് മാറ്റാനാണ് സര്‍ക്കാര്‍ നീക്കം. പകരം എത്തുന്ന ഉദ്യോഗസ്ഥനെ ദുരിതാശ്വാസ നിധിയുടെ സൂപ്പര്‍വൈസിംഗ് ഓഫിസര്‍ ആക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പരാതി പരിഹാര സെല്ലിന്റെ സൂപ്പര്‍വൈസിങ് ഓഫീസറായി ശ്രീറാം എത്തിയതോടെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.എം. ബഷീറിനെ ഇടിച്ചുകൊന്നുവെന്ന കേസിലെ പ്രതിയായ ഉദ്യോഗസ്ഥനെ ഇത്തരമൊരു സ്ഥാനത്ത് ഇരുത്തിയതിരെയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ പാര്‍ട്ടികളും മുസ്ലിം സുമുദായ സംഘടനകളും ബിജെപി ഇതര സംഘടനകളും ശ്രീറാമിന്റെ നിയമനത്തിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി രംഗത്തുവരികയായിരുന്നു.
എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. പല കാരണങ്ങള്‍ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാടാളുകള്‍ക്കിടയില്‍ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നല്‍കിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തണമെന്നായിരുന്നു കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
ശ്രീരാം വെങ്കിട്ടരാമന് ദുരിതാശ്വാസ നിധി പ്രശ്‌ന പരിഹാര സെല്ലിന്റെ ചുമതല നല്‍കിയത് നിയമവാഴ്ചയോടുള്ള ധിക്കാരമെന്നായിരുന്നു കേരള മുസ്‌ലിം ജമാഅത്ത് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടിയത്.
സമൂഹത്തിലെ പാവപ്പെട്ടവരും പ്രവാസികളും മുതല്‍ വ്യവസായികളും വരെ സംഭാവന നല്‍കുന്ന സിഎംഡിആര്‍എഫിന്റെ മേല്‍നേട്ട ചുമതല ആരോപണ വിധേയനായ ഒരു ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചതോടെ ഫണ്ട് വരവിലും കുറവുണ്ടായെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. മുഖ്യമന്ത്രിയുടെ കൂടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ വിശ്വസ്തനാണ് ശ്രീറാം വെങ്കിട്ടരാമന്‍. അതിനാല്‍ തന്നെ ശ്രീറാമിന് എപ്പോഴും താക്കോല്‍ സ്ഥാനങ്ങളില്‍ തന്നെ നിലനിര്‍ത്താനാണ് ഇവരുടെ ആഗ്രഹം. എന്നാല്‍ ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പുകാരണമാണ് ശ്രീറാമിന് ഒരു സ്ഥാനത്തും അധിക കാലം തുടരാനാകാത്തത്.
കെ.എം. ബഷീറിന്റെ കൊലപാതകത്തിന് ശേഷം ആലപ്പുഴ കളക്ടറായിട്ട് നിയോഗിക്കപ്പെട്ട ഉടനെ തന്നെ അവിടെ നിന്ന് മാറേണ്ടി വന്നിരുന്നു ഇദ്ദേഹത്തിന്.
നിലവില്‍ ധനവകുപ്പില്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി തസ്തികയില്‍ ജോലി ചെയ്യുന്ന ശ്രീറാമിന്റെ നിയമനത്തിലും വിമര്‍ശനങ്ങളുണ്ടായിരുന്നു. പണമില്ലാതെ താളം തെറ്റിയ ധനവകുപ്പില്‍ ഓര്‍മ്മയില്ലാത്ത ജോയിന്റ് സെക്രട്ടറിയെ നിയമിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നായിരുന്നു ആക്ഷേപം. ഭരിച്ച് ഭരിച്ച് കെ.എന്‍. ബാലഗോപാല്‍ ഒരു പരുവം ആക്കിയ ധനകാര്യവകുപ്പിനെ നന്നാക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ട് ശ്രീറാമിനെ നിയമിച്ചത്. അവിടുന്നാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ദുരിതാശ്വാസ നിധിയുടെ പരാതി പരിഹാരത്തിലേക്ക് ശ്രീറാം എത്തിയത്. ഈ സ്ഥാനം ഉടനെ തെറിക്കുമെന്നാണ് സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.