പിണറായി മന്ത്രിസഭയിൽ വെറുതെ കുറേ മന്ത്രിമാരുണ്ട്. വിടുവായത്തം അടിക്കുന്നതല്ലാതെ ഒന്നും ചെയ്യില്ല. അതിൽ പ്രധാനിയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 2024 ജൂലൈ യിലെ പ്രതിമാസ കളക്ഷൻ റിപ്പോർട്ട് ഒന്ന് പരിശോധിച്ച് നോക്കിയാൽ ബാലഗോപാലിനോട് പണി നിർത്താൻ പറയേണ്ടി വരും.
റിപ്പോർട്ട് പ്രകാരം 2023 ജൂലൈയിൽ കേരളത്തിൻ്റെ നികുതി വരുമാനം 2381 കോടി. 2024 ജൂലൈയിലെ വരുമാനം 2493 കോടി. വളർച്ച കേട്ടാൽ ഞെട്ടരുത്. വെറും 5 ശതമാനം. 2017 ൽ ജി.എസ്.ടി നടപ്പിലാക്കിയപ്പോൾ ആഹ്ളാദ നൃത്തം ചവിട്ടിയ ധനമന്ത്രിയായിരുന്നു തോമസ് ഐസക്ക്. പ്രതിവർഷം 30 ശതമാനം വളർച്ച ഉണ്ടാകും എന്നായിരുന്നു ഐസക്കിൻ്റെ പ്രഖ്യാപനം. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി ഗുണം ചെയ്യും എന്ന അടിസ്ഥാനത്തിലായിരുന്നു ഐസക്ക് നൃത്തം ചവിട്ടിയത്.
ഐസക്കിന് മന്ത്രി കസേരയും പോയി തോറ്റ എം.പി യും ആയിട്ടും സംസ്ഥാനത്തിൻ്റെ നികുതി വളർച്ച വെറും 2 ശതമാനം മാത്രം. വളർന്നത് പാർട്ടി മാത്രം. എ.കെ. ജി സെൻ്ററിൽ പുതിയ മാളിക ഉയരുകയാണ്. സർവ്വ രാജ്യ തൊഴിലാളികളും സന്തോഷിക്കുക.ഖജനാവ് ശോഷിച്ച് ഒരു പരുവമായി. ബാലഗോപാലിന് ധനകാര്യത്തിൻ്റെ ബാലപാഠങ്ങള്‍ ഇതുവരെ മനസിലായിട്ടില്ല.
റിപ്പോർട്ട് പ്രകാരം ഐജിഎസ്ടി വിഹിത വളർച്ച മൈനസ് 1 ലേക്ക് കൂപ്പ് കുത്തി. GST ഭരണ സംവിധാനത്തിൻ്റെ കെടുകാര്യസ്ഥതമൂലമാണ് വരുമാന വർദ്ധന സാധ്യമാവാത്തത്. IGST യിലൂടെ പ്രതിവർഷം 5000 കോടിയുടെ നഷ്ടം സംഭവിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഒരു വർഷത്തിന് മുമ്പേ മുന്നറിയിപ്പ് നൽകിയതാണ് ഇത് സർക്കാരിൻ്റെ കീഴിലുള്ള ഗിഫ്റ്റും എക്സ്പൻഡീച്ചർ റിവ്യൂ കമ്മറ്റി റിപ്പോർട്ടിലും ചൂണ്ടികാണിച്ചിരുന്നു.
വിവിധ മേഖലകളിൽ നിന്നും നികുതി വരുമാനം ഉയരാത്തത് നികുതി വകുപ്പിൻ്റെ തലപ്പത്ത് രാഷ്ട്രീയ നിയമനങ്ങൾ കുത്തി നിറച്ചത് മൂലമാണ്. സ്വർണ്ണ വില റിക്കാർഡ് ഭേദിച്ച് മുന്നേറുന്നുണ്ടെങ്കിലും വരുമാനം 6 വർഷം മുമ്പ് ലഭിച്ചത് പോലും ഇല്ല. സിമൻ്റ്, കമ്പി, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ തുടങ്ങി വിലക്കയറ്റം അതിൻ്റെ പാരമ്യത്തിൽ എത്തിയിട്ടും അതിന് ആനുപാതികമായി നികുതി വരുമാന വളർച്ച കൈവരിക്കാനാകാത്തത് ഒന്നും രണ്ടും പിണറായി സർക്കാരിൻ്റെ പോരായ്മയാണ്.
പണം ഇല്ലാത്തതിനാൽ ക്ഷേമ വികസന പ്രവർത്തനങ്ങൾ മുടങ്ങി. സർക്കാരുമായി ബന്ധപ്പെട്ട എല്ലാ മേഖലകളും വറുതിയുടെ പടുകുഴിയിലാണ്. ഇതിൽ നിന്ന് കരകയറാനുള്ള വഴി വെട്ടേണ്ടത് ധനമന്ത്രി ബാലഗോപാലായിരുന്നു. എന്നാൽ മന്ത്രിക്ക് ധന നികുതി വകുപ്പിൽ പ്രത്യേക റോളില്ല എല്ലാ കാര്യങ്ങളുടേയും നിയന്ത്രണം മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. നികുതി പിരിക്കേണ്ട ഉദ്യോഗസ്ഥരെ കൊണ്ട് കേരളീയത്തിനും നവകേരള സദസ്സിനും പണം കണ്ടെത്തൽ, വൻകിട നികുതി വെട്ടിപ്പ് കേസുകൾ ഒതുക്കൽ തുടങ്ങി എല്ലാ വിധ അധാർമ്മിക ഇടപാടുകളും നടക്കുമ്പോൾ ധനമന്ത്രി മൂക സാക്ഷിയാണ്.
ഇപ്പോൾ മാസം 1.5 ലക്ഷം ശമ്പളം നൽകി വിരമിച്ച ഏതാനും ചിലരെ 1 വർഷത്തേക്ക് പുനർനിയമനം നടത്തുവാനുള്ള തിരക്കിലാണ് ധനമന്ത്രിയുടെ ഓഫീസ്. ബാലഗോപാലൻ സാറെ, നികുതി വകുപ്പിൽ വിരമിച്ച സഖാക്കളെ തിരുകി കയറ്റിയത് കൊണ്ട് ഒരു കാര്യവുമില്ല. നികുതി പിരിവ് കാരൃക്ഷമമാക്കാതെ കേരളം രക്ഷപ്പെടില്ല. വെറുതെ ഒരു മന്ത്രി ആയി ഇരിക്കാതെ ബാലഗോപാലൻ സാറെ ഒന്ന് ഉഷാറാകൂ. വെറുതെ ഒരു മന്ത്രി ബാലഗോപാലൻ സാറിന് എല്ലാ ആശംസകളും.