
സർക്കാരിൻ്റെ മുൻഗണന ജഡ്ജിമാർക്ക് വാഹനം വാങ്ങല്! ഹൈക്കോടതി ജഡ്ജിമാർക്ക് 3 വാഹനം കൂടി വാങ്ങാൻ അനുമതി, വേണ്ടത് 81.50 ലക്ഷം
ഈ മാസം 19 ന് 3.79 കോടി ജഡ്ജിമാർക്ക് വാഹനം വാങ്ങാൻ അനുവദിച്ചിരുന്നു
സർക്കാരിൻ്റെ മുൻഗണന ജഡ്ജിമാർക്ക് പുതിയ വാഹനങ്ങൾ വാങ്ങി നൽകുന്നതിനാണോ? ഇന്നത്തെ മന്ത്രിസഭ യോഗ തീരുമാനം വായിച്ചാൽ അങ്ങനെ ചിന്തിക്കുന്നവരെ കുറ്റം പറയാൻ ആവില്ല.
ഹൈക്കോടതി ജഡ്ജിമാർക്ക് 3 പുതിയ വാഹനങ്ങൾ വാങ്ങാൻ ഇന്നത്തെ മന്ത്രിസഭ യോഗത്തിൽ അനുമതി നൽകിയിട്ടുണ്ട്. വിമർശനങ്ങളെ ഭയന്ന് വാഹനത്തിൻ്റെ വില പുറത്ത് വിട്ടിട്ടില്ല. മന്ത്രിസഭ യോഗത്തിൻ്റെ കുറിപ്പിൽ വാഹനത്തിന് അനുവദിക്കേണ്ട തുക രേഖപ്പെടുത്തിയിരുന്നെങ്കിലും മന്ത്രിസഭ യോഗത്തിൻ്റെ പ്രസ് റിലിസിൽ നിന്ന് അത് ഒഴിവാക്കുക ആയിരുന്നു.
ഹൈക്കോടതി ജഡ്ജിമാർക്ക് 3 വാഹനങ്ങൾ വാങ്ങാൻ 81.50 ലക്ഷം വേണമെന്നാണ് മന്ത്രിസഭ യോഗത്തിൻ്റെ കുറിപ്പിൽ ഉള്ളത്. മന്ത്രിസഭ അനുമതി ലഭിച്ചതോടെ 81.50 ലക്ഷം വാഹനങ്ങൾ വാങ്ങാൻ അധിക ഫണ്ടായി ധനവകുപ്പ് അനുവദിക്കും. ഇത് സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങും.
ഈ മാസം 19 ന് ജഡ്ജിമാർക്ക് വാഹനങ്ങൾ വാങ്ങാൻ 3.79 കോടി ധന വകുപ്പ് അനുവദിച്ചത് മലയാളം മീഡിയ പുറത്ത് വിട്ടിരുന്നു. ഉത്തരവ് ഇറക്കി അഞ്ചാം ദിവസം ജഡ്ജിമാർക്ക് വാഹനം വാങ്ങാൻ വീണ്ടും പണം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്.
ക്ഷേമപെൻഷൻ , ജീവനക്കാരുടെ ക്ഷാമബത്ത, ശമ്പള പരിഷ്കരണ കുടിശിക , പെൻഷൻകാരുടെ ക്ഷാമ ആശ്വാസം, ഡി.ആർ, പെൻഷൻ പരിഷ്കരണ കുടിശിക തുടങ്ങിയ ആനുകൂല്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തടഞ്ഞ് വച്ചിരിക്കുമ്പോഴാണ് ജഡ്ജിമാർക്ക് വാഹനം വാങ്ങാൻ കോടികൾ അനുവദിക്കുന്നത് എന്നതാണ് വിരോധാഭാസം.