
ശബരിമല തീര്‍ഥാടകര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ്; മരണപ്പെട്ടാല്‍ അഞ്ച് ലക്ഷം രൂപ!
വരുന്ന ശബരിമല തീര്‍ത്ഥാടന സീസണില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ 10 രൂപ പ്രീമിയം അടച്ചാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പങ്കാളികളാക്കുക. കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണില്‍, പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള ട്രെക്കിംഗ് പാതയില്‍ 53 മരണങ്ങള്‍ സംഭവിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഹൃദയസ്തംഭനവും ശ്വാസതടസ്സവും കാരണമാണ്.
മരണമുണ്ടായാല്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. പരിക്കേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
ഇന്‍ഷുറന്‍സ് നടപ്പിലാക്കാന്‍ നാല് ബ്രോക്കറേജ് സ്ഥാപനങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് താല്‍പ്പര്യ പ്രകടനങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ബ്രോക്കറേജ് സ്ഥാപനങ്ങളോട് ദേവസ്വം ബോര്‍ഡ് നിര്‍ദ്ദശിച്ചിട്ടുണ്ട്. കുറഞ്ഞ പ്രീമിയത്തിന് പരമാവധി ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനത്തെ തിരഞ്ഞെടുക്കും.
തിരഞ്ഞെടുക്കപ്പെട്ടാല്‍, ഭക്തരെ സഹായിക്കാനും ദേവസ്വം ബോര്‍ഡുമായി ഏകോപിപ്പിക്കാനും സന്നിധാനത്തും പമ്പയിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കും. സത്രം-പുല്ലുമേട് റൂട്ടും എരുമേലിയില്‍ നിന്നുള്ള ട്രെക്കിംഗ് പാതയും ഉള്‍പ്പെടെ മുഴുവന്‍ തീര്‍ഥാടന മേഖലയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.