കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിക്ക് നിപ സ്ഥിരീകരിച്ചു. നിപയാണെന്ന് സംസ്ഥാനം സ്ഥിരീകരിച്ചുവെന്നും പൂനൈ വൈറോളജി ലാബില്‍ നിന്നുള്ള ഔദ്യോഗിക ഫലത്തിനായി കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മലപ്പുറത്ത് കണ്‍ട്രോണ്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. അഞ്ച് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. ആദ്യം പാണ്ടിക്കാട്ടെ ശിശുരോഗ വിദഗ്ധന്റെ അടുത്ത് ചികിത്സ തേടി.
പനി കുറയാത്തതിനെ തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി. അവിടെ നിന്നും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും 19-ന് രാത്രിയോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും സുഹൃത്തും നിരീക്ഷണത്തിലാണ്.
നിപ പ്രോട്ടോക്കോള്‍ പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗത്തിന്റെ ഉറവിടത്തെ കുറിച്ച് സൂചന ഒന്നുമില്ലെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. 2018 മുതല്‍ ഇതുവരെയുള്ള കാലയളവില്‍ നാല് തവണയാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യതവണ നിപ രോഗബാധയേത്തുടര്‍ന്ന് 17 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു സംഭവിച്ചിരുന്നു. 2021 ല്‍ പന്ത്രണ്ടുകാരനും 2023 ല്‍ രണ്ട് പേര്‍ മരിക്കുകയും ചെയ്തിരുന്നു.
ഭയം വേണ്ടെന്നും മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി
നിപ്പ ബാധ സ്ഥിരീകരിച്ചതിൽ ഭയം വേണ്ടെന്നും എല്ലാ മുൻകരുതൽ നടപടികളും എടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. മഞ്ചേരി മെഡിക്കൽ കോളജിൽ മുപ്പത് മുറികൾ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കുട്ടിയുമായി സമ്പർക്കത്തിലായവരുടെ പട്ടിക തയാറാക്കുന്നുണ്ട്. മലപ്പുറത്ത് കൺട്രോൾ റൂം തുറന്നു. ആരോഗ്യവകുപ്പ് ഡയറക്ടർ ഇന്ന് മലപ്പുറത്തെത്തും. ഭയപ്പെടേണ്ട കാര്യമില്ല. ടെസ്റ്റ് പോസിറ്റീവായ സ്ഥിതിക്ക് സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. കുട്ടി വെന്റിലേറ്ററിലാണ്. ഉടൻ മെഡിക്കൽ കോളജിലേക്ക് മാറ്റും. പുണെയിൽനിന്നുള്ള ഫലം ലഭിക്കാൻ ആറോ ഏഴോ മണിക്കൂറെടുക്കും. നാളെ ഉച്ചയ്ക്കു മുന്‍പായി ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ. എൻഐവി പുണെയിൽനിന്ന് പരിശോധനയ്ക്കായി മൊബൈൽ ലാബ് എത്തിക്കും.