ചുമതലയേൽക്കാനെത്തിയ വനിത ഉദ്യോഗസ്ഥയെ ഇടത് സംഘടനാ പ്രവർത്തകർ തടഞ്ഞ് റോഡിലിരുത്തി

ആലപ്പുഴ: ജില്ലാ സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) യിൽ അക്കൗണ്ട്സ് ഓഫീസറായി ഡെപ്യൂട്ടേഷനിൽ ചുമതലയേൽക്കാൻ എത്തിയ ഉദ്യോഗസ്ഥയെ ഇടത് സംഘടനകളായ എൻ.ജി.ഒ യൂണിയൻ, കെ.ജി.ഒ.എ പ്രവർത്തകർ ചേർന്നു തടഞ്ഞു. ഇതേത്തുടർന്ന് ഉദ്യോഗസ്ഥയായ റെറ്റി പി. തോമസ് ഓഫീസ് ഗേറ്റിനു പുറത്ത് ആറു മണിക്കൂറോളം ഇരിക്കേണ്ടി വരികയും ചുമതലയേല്‍ക്കാനാകാതെ മടങ്ങുകയും ചെയ്തു.

ഡെപ്യൂട്ടേഷൻ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നാരോപിച്ചാണ് ഇടത് സംഘടനാ പ്രവർത്തകർ തടഞ്ഞത്. സെക്രട്ടേറിയറ്റിൽ പൊതുഭരണവകുപ്പിൽ അണ്ടർ സെക്രട്ടറിയായ റെറ്റി തിരുവനന്തപുരം സ്വദേശിനിയാണ്. ഇടതനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ അംഗമാണ് പ്രതിഷേധത്തിന് ഇരയായ ഉദ്യോഗസ്ഥ.

അക്കൗണ്ട്സ് ഓഫീസർ തസ്തിക പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രമോഷൻ തസ്തികയാണെന്നും മറ്റു വകുപ്പിലെ ഉദ്യോഗസ്ഥരെ നിയമിച്ചാൽ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നും പ്രതിഷേധക്കാർ പറയുന്നു. ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് ഇവരുടെ നിലപാട്. കഴിഞ്ഞ അഞ്ചിനാണ് പൊതുഭരണവകുപ്പിലെ 10 ഉദ്യോഗസ്ഥർക്ക് അണ്ടർ സെക്രട്ടറിമാരായി സ്ഥാനക്കയറ്റത്തിനൊപ്പം വിവിധ വകുപ്പുകളിലേക്കു ഡെപ്യൂട്ടേഷനും നൽകി ഉത്തരവിറക്കിയത്. ഇതേത്തുടർന്നാണ് റെറ്റി എത്തിയത്.

അതേസമയം, ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോഴാണ് പ്രതിഷേധത്തെപ്പറ്റി അറിയുന്നതെന്ന് റെറ്റി പി. തോമസ് പറഞ്ഞു. വിവരം പൊതുഭരണവകുപ്പിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയായ സമഗ്ര ശിക്ഷാ കേരളയിലേക്കായിരുന്നു ഡെപ്യൂട്ടേഷൻ. കേന്ദ്ര സർക്കാർ ഈ തസ്തികയ്ക്കുവേണ്ട യോഗ്യത പുനർനിശ്ചയിച്ചിട്ടുണ്ട്. ഇതുപ്രകാരം യോഗ്യതയുള്ളവർ നാലു ജില്ലയിൽ ഉണ്ടായിരുന്നു. അവിടെയെല്ലാം പൊതു വിദ്യാഭ്യാസവകുപ്പിൽനിന്നുതന്നെ നിയമനം നടത്തി. മറ്റു ജില്ലകളിലേക്കു മാത്രമാണ് പൊതുഭരണ വകുപ്പിൽനിന്ന് ജീവനക്കരെ നിയമിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments