സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിലാണ് ശയന പ്രദക്ഷിണം
ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ നട്ടുച്ചക്ക് ശയനപ്രദക്ഷിണം. സെക്രട്ടറിയേറ്റിലെ കോൺഗ്രസ് സംഘടനകളുടെ കൂട്ടായ്മ ആയ സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ ആണ് ശയനപ്രദക്ഷിണം നടത്തുന്നത്. ജൂലൈ 1 നാണ് ശയനപ്രദക്ഷിണം.
ജൂലൈ 1 മുതൽ പുതിയ ശമ്പളപരിഷ്കരണം ലഭിക്കേണ്ടതാണ്. എന്നാൽ ശമ്പള പരിഷ്കരണ കമ്മീഷനെ പോലും സർക്കാർ ഇതുവരെ നിയമിച്ചിട്ടില്ല. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ മുഴുവനും തരുമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ടെങ്കിലും ധനമന്ത്രി തണുപ്പൻ നടപടിയാണ് സ്വീകരിക്കുന്നത്. ക്ഷാമബത്ത വൈകിപ്പിക്കുന്നതിൻ്റെ പിന്നിലും ബാലഗോപാലിൻ്റെ ഇടപെടൽ ആയിരുന്നു.
8 വർഷത്തെ പിണറായി ഭരണത്തിൽ 15 മാസത്തെ ശമ്പളമാണ് ജീവനക്കാരന് നഷ്ടപ്പെട്ടതെന്ന് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ പുറത്തിറക്കിയ നോട്ടിസിൽ നിന്ന് വ്യക്തം. 19 ശതമാനം ക്ഷാമബത്ത കുടിശികയാണ്. 3 വർഷത്തിനിടയിൽ ആകെ നൽകിയത് 2 ശതമാനം ഡി.എ മാത്രം. അർഹതപ്പെട്ട 39 മാസത്തെ കുടിശികയും ജീവനക്കാർക്ക് നഷ്ടപ്പെട്ടു.
അതിനിടയിൽ ആണ് ജീവനക്കാരുടെ ശമ്പള വിഹിതം പിടിക്കാൻ ജീവാനന്ദം പദ്ധതിയുമായി കെ.എൻ ബാലഗോപാൽ രംഗത്തിറങ്ങിയതും. ലോകസഭ തെരഞ്ഞെടുപ്പിലെ ദയനിയ തോൽവിയിൽ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾ നിഷേധിച്ചത് പ്രധാന കാരണമായി സി പി എം വിലയിരുത്തിയിരുന്നു.
അതുകൊണ്ട് ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാൻ പാർട്ടി അനുകൂലവും ആണ്. കമ്മീഷൻ പ്രഖ്യാപനം വൈകുന്നതിന് പിന്നിൽ കെ. എൻ. ബാലഗോപാലിൻ്റെ പിടിവാശി ആണ്.