കെ.എൻ. ബാലഗോപാലിനെ വിശ്വാസമില്ലാതെ ജീവനക്കാരും അധ്യാപകരും പെൻഷൻകാരും. ഇവരുടെ തടഞ്ഞ് വച്ച ആനൂകൂല്യങ്ങൾ വൈകാതെ തരും എന്ന കെ. എൻ ബാലഗോപാലിൻ്റെ നിയമസഭ പ്രഖ്യാപനത്തിന് നനഞ്ഞ പ്രതികരണമാണ് ഉണ്ടാകുന്നത്.
പ്രസംഗത്തിൻ്റെ രണ്ട് ഭാഗങ്ങൾ ബാലഗോപാൽ സ്വന്തം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഒരു പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത് 73 പേർ മാത്രമാണ്. മറ്റൊരു പോസ്റ്റ് 175 പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. അഞ്ചര ലക്ഷം ജീവനക്കാരിൽ ഭൂരിഭാഗവും എൻ. ജി. ഒ യൂണിയൻ പ്രവർത്തകരായിട്ടും സഖാക്കൾക്ക് പോലും ബാലഗോപാലിനെ വിശ്വാസമില്ല എന്ന് വ്യക്തം.
3000 ജീവനക്കാരോളം സെക്രട്ടറിയേറ്റിലെ ഇടതു സംഘടനയിലുണ്ടെന്നാണ് അവകാശവാദം. അവരും ബാലഗോപാലിൻ്റെ പോസ്റ്റിനോട് പ്രതികരിച്ചില്ല. 39 മാസത്തെ ക്ഷാമബത്ത കുടിശികയെ കുറിച്ച് ബാലഗോപാൽ പ്രസംഗത്തിലും മൗനം പാലിക്കുകയാണ് ചെയ്തത്. ലോക സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റ് തൊപ്പിയിട്ടതിന് പിന്നിൽ മുഖ്യമന്ത്രിയുമായും ധനമന്ത്രിയുടേയും വീഴ്ചകളായിരുന്നു പ്രധാനം.
എന്നിരുന്നാലും ബാലഗോപാലിന് പ്രൊമോഷൻ നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി. കെ. രാധാകൃഷ്ണൻ്റെ നിയമസഭയിലെ കസേരയിൽ ബാലഗോപാലിനെയാണ് പ്രതിഷ്ടിച്ചത്. അതായത് മുഖ്യമന്ത്രിയുടെ തൊട്ടടുത്ത കസേര. രണ്ടാമൻ കസേര എന്നർത്ഥം. രണ്ടാമനായി മുഹമ്മദ് റിയാസിനെ ഇരുത്തിയാലുള്ള പൊല്ലാപ്പ് ഒഴിവാക്കാനാണ് ധനകാര്യ മാനേജ്മെൻ്റിനെ പാളം തെറ്റിച്ച ബാലഗോപാലിനെ പിണറായി ഉയർത്തിയത്.
അതിൻ്റെ പ്രതിഫലനം എന്ന നിലയിൽ ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കാൻ ബാലഗോപാൽ ഇറങ്ങിയിരുന്നു. ക്ലിഫ് ഹൗസിലെ നിർമ്മാണ പ്രവൃത്തികൾ ഒക്കെ ധൂർത്താണോ എന്നായിരുന്നു ബാലഗോപാലിൻ്റെ ചോദ്യം. ജനങ്ങൾ മറന്ന് തുടങ്ങിയത് ബാലഗോപാൽ ഓർമ്മിപ്പിക്കുകയാണോ എന്ന ചോദ്യമാണ് ഇതു കേട്ട മാധ്യമ പ്രവർത്തകരിൽ നിന്ന് ഉണ്ടായത്. രണ്ടാമൻ കസേര കിട്ടിയിട്ടും എൻ. ജി. ഒ യൂണിയൻ സഖാക്കൾക്കും സെക്രട്ടറിയേറ്റ് സഖാക്കൾക്കും ബാലഗോപാലിനോട് പഥ്യമില്ല എന്നാണ് ബാലഗോപാലിൻ്റെ ഫേസ് ബുക്ക് പേജ് പറയുന്നത്.