ഒരു വര്‍ഷത്തിനു ശേഷവും മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാത്തതില്‍ പ്രതികരണവുമായി രാഷ്ട്രീയ സ്വയംസേവക് സംഘ് (RSS) തലവന്‍ മോഹന്‍ ഭഗവത്, സംഘര്‍ഷഭരിതമായ വടക്കുകിഴക്കന്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുന്‍ഗണനയോടെ പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് പലയിടത്തും സമൂഹത്തിലും സംഘര്‍ഷം നല്ലതല്ല. തിരഞ്ഞെടുപ്പ് സമയത്തെ വാചോടാപങ്ങള്‍ അവസാനിപ്പിച്ച് രാജ്യം നേരിടുന്ന പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
രേഷിംബാഗിലെ ഡോ. ഹെഡ്ഗേവാര്‍ സ്മൃതി ഭവന് വളപ്പില്‍ സംഘടനയുടെ ‘കാര്യകര്‍ത്താ വികാസ് വര്‍ഗ്- ദ്വിതീയ’ സമാപന പരിപാടിയില്‍ ആര്‍എസ്എസ് ട്രെയിനികളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോഹന്‍ ഭഗതിന്റെ വിമര്‍ശനം.
കഴിഞ്ഞ ഒരു വര്‍ഷമായി മണിപ്പൂര്‍ സമാധാനത്തിനായി കാത്തിരിക്കുകയാണ്. 10 വര്‍ഷം മുമ്പ് മണിപ്പൂരില്‍ സമാധാനമുണ്ടായിരുന്നു. തോക്ക് സംസ്കാരം അവിടെ അവസാനിച്ചതുപോലെ തോന്നി. എന്നാല്‍ സംസ്ഥാനം പൊടുന്നനെ അക്രമം കണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെ സാഹചര്യം മുന്‍ഗണനയോടെ പരിഗണിക്കണം. തിരഞ്ഞെടുപ്പ് വാചാടോപങ്ങള്‍ ഒഴിവാക്കി രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്,” ആര്‍എസ്എസ് മേധാവി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് മണിപ്പൂരില്‍ മെയ്തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം അരങ്ങേറിയത്. അതിനുശേഷം ഏകദേശം 200 പേര് കൊല്ലപ്പെട്ടു, അതേസമയം വീടുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും നശിപ്പിച്ച വലിയ തോതിലുള്ള തീപിടുത്തത്തെത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജിരിബാമില്‍ നിന്ന് പുതിയ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.