ദില്ലി: രാഷ്ട്രപതി ഭവനിലെ പ്രൗഡഗംഭീരമായ ചടങ്ങില്‍ മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ദ്രൗപതി മുര്‍മു നരേന്ദ്രമോദിക്ക് സത്യവാചകം ചൊല്ലികൊടുത്തു. 72 അംഗ മന്ത്രിസഭയാണ് അധികാരമേല്‍ക്കുന്നത്. 30 കാബിനറ്റ് മന്ത്രിമാര്‍. 6 പേര്‍ക്ക് സ്വതന്ത്ര ചുമതല. 36 പേര്‍ സഹമന്ത്രിമാര്‍.
രാഷ്ട്രത്തലവന്മാരും കേന്ദ്ര രാഷ്ട്രീയ നേതാക്കളും മറ്റു വിശിഷ്ടാതിഥികളുമടക്കം എണ്ണായിരത്തോളം പേര്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിനു സാക്ഷിയായി. ജവാഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം തിരഞ്ഞെടുപ്പിലൂടെ തുടര്‍ച്ചയായി 3 തവണ പ്രധാനമന്ത്രിയാകുന്ന വ്യക്തിയാണ് നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഞായറാഴ്ച രാവിലെ രാജ്ഘട്ടും യുദ്ധ സ്മാരകവും അടല്‍ബിഹാരി വാജ്‌പേയിയുടെ സ്മൃതികുടീരവും സന്ദര്‍ശിച്ച ശേഷമാണ് മോദി സത്യപ്രതിജ്ഞയ്‌ക്കെത്തിയത്.
നരേന്ദ്രമോദിയെ രാഷ്ട്രപതി 7.23ന് സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചു. ദൈവനാമത്തിലാണ് മോദി സത്യപ്രതിജ്ഞ ചെയ്തത്. സത്യവാചകം പൂര്‍ത്തിയായപ്പോള്‍ സദസില്‍നിന്ന് കരഘോഷമുയര്‍ന്നു. മുതിര്‍ന്ന നേതാവ് രാജ്‌നാഥ് സിങ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തു. മൂന്നാമതായി അമിത്ഷായും നാലാമതായി നിതിന്‍ ഗഡ്ഗരിയും സത്യപ്രതിജ്ഞ ചെയ്തു. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയും മന്ത്രിസഭയില്‍ ഇടംപിടിച്ചു.