തൊട്ടതെല്ലാം പൊന്നാക്കി യുഎസ്എ കളം നിറഞ്ഞു.. ഫലമോ, ടി20 ലോകകപ്പിൽ ആദ്യ അട്ടിമറി. ആവേശം വാനോളം നിറഞ്ഞ മത്സരത്തിൽ സൂപ്പർ ഓവർ വേണ്ടി വന്നു ഫലമറിയാൻ. ടൂർണമെന്റിൽ പാകിസ്ഥാന് തോൽവിയോടെ തുടക്കവും.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 159 റൺസിലൊതുക്കിയ യുഎസ്എ 20 ഓവറിൽ 159 റൺസ് നേടി. തുടർന്ന് സൂപ്പർ ഓവറിലേക്ക് നീങ്ങിയ മത്സരത്തിൽ യുഎസ്എ 18 റൺസാണ് നേടിയത്. മുഹമ്മദ് ആമിർ എറിഞ്ഞ ഓവറിൽ 7 റൺസാണ് എക്സ്ട്രാ ഇനത്തിൽ ലഭിച്ചത്. മറുപടി ബാറ്റിങ്ങിൽ പാകിസ്താന് 13 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.. യുഎസ്എക്ക് 5 റൺസിന്റെ ചരിത്രവിജയവും.
പാകിസ്ഥാന് ഇന്ന് തുടക്കം പിഴച്ചുവെങ്കിലും ഷദബ് ഖാന്‍ – ബാബര്‍ അസം എന്നിവരുടെ ബാറ്റിംഗ് മികവാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്. പവര്‍പ്ലേയിൽ തന്നെ പാക്കിസ്ഥാന് 3 വിക്കറ്റാണ് 30 റൺസ് നേടിയപ്പോള്‍ നഷ്ടമായത്. ബാബര്‍ അസം – ഷദബ് ഖാന്‍ കൂട്ടുകെട്ട് പിന്നീട് പാക്കിസ്ഥാനെ മുന്നോട്ട് നയിക്കുന്നതാണ് കണ്ടത്.
25 പന്തിൽ 40 റൺസ് നേടിയ ഷദബ് ഖാനെ നോസ്തുഷ് കെന്‍ജിഗേ പുറത്താക്കിയപ്പോള്‍ തൊട്ടടുത്ത പന്തിൽ അസം ഖാനെയും പുറത്താക്കി പാക്കിസ്ഥാനെ 98/5 എന്ന നിലയിൽ യുഎസ്എ പ്രതിരോധത്തിലാക്കി. അവസാന ഓവറുകളിൽ ഇഫ്തിക്കര്‍ അഹമ്മദ് (18), ഷഹീന്‍ അഫ്രീദി (23*) എന്നിവര്‍ ചേര്‍ന്നാണ് പാക്കിസ്ഥാന്റെ സ്കോര്‍ 150 കടത്തിയത്. യുഎസ്എയ്ക്ക് വേണ്ടി നോസ്തുഷ് കെന്‍ജിഗേ മൂന്നും സൗരഭ് നെത്രാവൽക്കര്‍ രണ്ടും വിക്കറ്റാണ് നേടിയത്.
മറുപടി ബാറ്റിങ്ങിൽ യുഎസ്എ ക്ക് തന്നെയായിരുന്നു മുൻതൂക്കം. 36 റൺസിനിടെ ആദ്യവിക്കറ്റ് നഷ്‍ടമായെങ്കിലും ക്യാപ്റ്റൻ മൊണാങ്ക് പട്ടേലും, ഗൗസും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. എന്നാൽ തുടർച്ചയായി വിക്കറ്റുകൾ വീണത് യുഎസ്എയെ ഒരു ഘട്ടത്തിൽ പ്രതിസന്ധിയിലാക്കി. എന്നാൽ ആരോൺ ജോൺസും, നിതിഷ് കുമാറും ടീമിനെ സുരക്ഷിത നിലയിലേക്ക് എത്തിച്ചു.
യുഎസ്എ യോടേറ്റ തോൽവി പാക്ടീമിന് വല്ലാത്ത തലവേദയാകും എന്ന് തീർച്ച. യുഎസ്എ ക്ക് ഇത് അഭിമാനനേട്ടവും.