Sports

ഇത് താൻ ഡാ ക്യാപ്റ്റൻ… വാട്ടർബോയിയായ് പാറ്റ് കമ്മിൻസ്; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓസ്ട്രേലിയക്കായി ഏകദിന കിരീടം നേടിയ ക്യാപ്റ്റൻ. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് രാജ്യത്തിന്‌ നേടിക്കൊടുത്ത ക്യാപ്റ്റൻ. ഓസീസ് നായകൻ പാറ്റ് കമിൻസ്. ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ ഓസ്ട്രേലിയയുടെ ആദ്യ മത്സരത്തിൽ എല്ലാവരും തിരഞ്ഞത് കമിൻസിനെയായിരുന്നു.

എന്നാൽ ആദ്യ ഇലവനിൽ കാണാത്ത കമ്മിൻസിനെ ഒടുവിൽ കണ്ടു..സഹതാരങ്ങൾക്ക് വെള്ളവുമായി വാട്ടർബോയിയുടെ റോളിൽ.

കളത്തിലിറങ്ങിയില്ലെങ്കിലും ആരാധകരുടെ കൈയ്യടി നേടി പാറ്റ് കമ്മിൻസ്. സഹതാരങ്ങൾക്ക് വെള്ളവുമായെത്തിയ കമ്മിൻസിനെ പലപ്പോഴും കാണാമായിരുന്നു. നായകൻ ആണെന്ന തലക്കനം ഇല്ലാതെ വാട്ടർബോയി ആയി ഗ്രൗണ്ടിലിറങ്ങാൻ മടികാണിക്കാത്ത കമ്മിൻസിന്റെ പെരുമാറ്റത്തെ വാഴ്ത്തുകയാണ് സോഷ്യൽ മീഡിയ.

ഓസീസിന്റെ സംസ്‌കാരമാണ് ഇതുവഴി പ്രകടമായതെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ എക്‌സിൽ കുറിച്ചു. നിരവധി മുൻതാരങ്ങളും കമ്മിൻസിനെ അഭിനന്ദിച്ച് രംഗത്തെത്തി.

ഏകദിന, ടെസ്റ്റ്‌ ടീമുകളുടെ നായകൻ പാറ്റ് കമിൻസ് ആണെങ്കിൽ ടി20യിൽ മിച്ചൽ മാർഷാണ് ക്യാപ്റ്റൻ. ഐ.പി.എൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഈ സീസണിൽ കമിൻസ് ഫൈനൽ വരെയെത്തിച്ചിരുന്നു. ടീമിനൊപ്പം ചേരാൻ വൈകിയതോടെയാണ് ലോകകപ്പിലെ ആദ്യമത്സരത്തിൽ താരത്തിന് ഇടംനേടാനാകാതെ പോയത്.

Leave a Reply

Your email address will not be published. Required fields are marked *