
നിയമസഭ സെക്രട്ടറി: ഡോ. എൻ കൃഷ്ണകുമാറിനെ നിയമിച്ച് ഉത്തരവിറങ്ങി
നിയമസഭ സെക്രട്ടറിയായി ഡോ. എൻ കൃഷ്ണകുമാറിനെ നിയമിച്ചു. നിയമസഭ സെക്രട്ടറിയേറ്റിൽ നിന്ന് നിയമനം സംബന്ധിച്ച ഉത്തരവ് ഇറങ്ങി. മെയ് 25 ന് ഡോ. എൻ. കൃഷ്ണകുമാറിനെ നിയമസഭ സെക്രട്ടറിയായി നിയമിക്കുമെന്ന് മലയാളം മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം ലോ കോളേജിലെ അസോസിയേറ്റ് പ്രൊഫസറാണ് ഡോ. എൻ. കൃഷ്ണകുമാർ. ഡപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമനം.

നിയമസഭ സെക്രട്ടറി പാനലില്‍ മൂന്ന് വനിതകള്‍ ഇടം പിടിച്ചിരുന്നു എങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു. ഡോ. ലക്ഷ്മി നായർ, മന്ത്രി പി. രാജീവിന്റെ ഭാര്യ വാണി കേസരി, കൊല്ലം ലേബർ ട്രിബ്യൂണലിലെ പ്രിസൈഡിംഗ് ഓഫിസർ ജ്യോതി എന്നിവരാണ് പാനലിലുണ്ടായിരുന്നത്. എന്നാൽ ഇവരുടെ നിയമനം രാഷ്ട്രീയ വിവാദത്തിന് വഴി വെച്ചേക്കും എന്നു കണ്ടാണ് പാനലിലെ വനിത നിയമനം ഒഴിവാക്കിയത്.
മുൻ നിയമസഭ സെക്രട്ടറി എ.എം ബഷീര്‍ തന്നെ തുടരണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ ആഗ്രഹിച്ചിരുന്നു. എന്നാൽ. കോടതികളില്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ ക്ഷാമം ചൂണ്ടികാട്ടി ഹൈക്കോടതി ഉറച്ച് നിന്നതോടെ ബഷീറിന് മടങ്ങേണ്ടി വന്നു. അതോടെയാണ് മറ്റൊരു നിയമ വിദഗ്ധനെ നിയമിക്കാൻ തിരുമാനം ആയത്.