തിരുവനന്തപുരം: വടകര ലോക്സഭ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ പരാജയപ്പെടുമെന്ന് ഒരു എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നില്ല. പക്ഷേ, വമ്പന്‍ ഭൂരിപക്ഷത്തില്‍ തന്നെ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇങ്ങനൊരു തോല്‍വി കെ.കെ. ശൈലജയ്ക്ക് മനസ്സിലായിരുന്നു.
19 മണ്ഡലങ്ങള്‍ പോയാലും വടകര പിടിക്കുമെന്ന് ഉറപ്പിച്ചായിരുന്നു സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ അന്ന് രാവിലെ വരെയും മലയാളത്തിലെ മാധ്യമങ്ങള്‍ വടകരയില്‍ ഷാഫി പറമ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പിച്ചു പറയുകയായിരുന്നു. കെകെ ഷൈലജയുടെ വിജയമാണ് എല്ലാ മാധ്യമങ്ങളിലും എക്സിറ്റ് പോളുകളിലും ട്രെന്റുകളിലും പ്രവചിച്ചിരുന്നതും എന്നാല്‍, ഷാഫിയുടെ വിജയം സംഭവിച്ചത് ഒരുലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്.
എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ തന്നെ തോല്‍ക്കുമെന്ന് സിപിഎമ്മിനും സ്ഥാനാര്‍ത്ഥിക്കും മനസ്സിലായിരുന്നു. അത് പുറത്തുപറഞ്ഞിരുന്നില്ലെന്ന് മാത്രം. ജൂണ്‍ ഒന്നിന് കെ.കെ. ശൈലജ നിയമസഭ ചോദ്യം ഉന്നയിച്ചതോടെയാണ് ശൈലജയുടെ പരാജയം സിപിഎമ്മും ശൈലജയും മുന്‍കൂട്ടി മനസിലാക്കിയിരുന്നു എന്ന് വ്യക്തമാകുന്നത്. ജൂണ്‍ 11 നാണ് ശൈലജയുടെ നക്ഷത്ര ചിഹ്നമിട്ട ചോദ്യം നിയമസഭയില്‍ വരുന്നത്.
10 ദിവസം മുമ്പാണ് നിയമസഭ ചോദ്യങ്ങള്‍ നല്‍കേണ്ടത്. അതുകൊണ്ട് ജൂണ്‍ 1 നാണ് ശൈലജ ചോദ്യം സമര്‍പ്പിച്ചത്. ഭക്ഷ്യ സംസ്കരണ മൂല്യ വര്‍ദ്ധിത മേഖലകളിലെ പദ്ധതികളെ കുറിച്ചാണ് ശൈലജയുടെ ചോദ്യം. ജയിക്കുമെന്ന് ഉറപ്പുള്ളതു കൊണ്ട് ഷാഫി പറമ്പില്‍ ഒരു നിയമസഭ ചോദ്യവും ഉന്നയിച്ചിരുന്നില്ല.