തിരുവനന്തപുരം: പോസ്റ്റൽ വോട്ടുകളിലും വൻ തിരിച്ചടി നേരിട്ട് ഇടത് പക്ഷം. ജീവനക്കാർ ബാലറ്റിലൂടെ പ്രതികരിച്ചുവെന്നാണ് നിരീക്ഷണം. ഇടതിന്റെ അടിയുറച്ച സർക്കാർ ജീവനക്കാരുടെ വോട്ടുകൾ പോലും ഉറപ്പിക്കാനായില്ല.
മിക്ക പാർലമെന്റ് മണ്ഡലങ്ങളിലും ഇടത് പക്ഷത്തിനു എതിരായിട്ടാണ് ജീവനക്കാർ വോട്ട് രേഖപ്പെടുത്തിയത്. 80 വയസിനു മുകളിൽ ഉള്ളവർക്കും പോസ്റ്റൽ ബാലറ്റ് സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും മണ്ഡലങ്ങളിൽ എല്ലാം ഒരേ രീതിയിൽ വോട്ട് വിഹിതം കുറഞ്ഞത് ജീവനക്കാരുടെ പ്രതിഷേധം ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ എല്ലാം വെട്ടി ഒതുക്കിയ സംസ്ഥാന സർക്കാരിനുള്ള മറുപടിയായിട്ടാണ് ഈ വിഷയം ഇപ്പോൾ ചർച്ച ആകുന്നത്.
2021 മുതലുള്ള 19% ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക, പുതിയ ശമ്പള കമ്മീഷനെ നിയമിക്കൽ, പങ്കാളിത്ത പെൻഷൻ സംബന്ധിച്ച റിപ്പോർട്ട് പൂഴ്ത്തിയത് എന്നിങ്ങനെ ജീവനക്കാർക്ക് എണ്ണിയാൽ തീരാത്ത പ്രശ്നങ്ങൾ ഉണ്ടായിട്ടും അതിലൊന്നും പരിഹാരം കാണാനോ പ്രതികരിക്കാനോ തയ്യാറാകാത്ത സർക്കാർ അനുകൂല സംഘടനകൾക്ക് എതിരെയുള്ള പ്രതിഷേധം കൂടിയാണ് ജീവനക്കാർ ബാലറ്റിലൂടെ പ്രകടിപ്പിച്ചത്. ജീവനക്കാർക്കിടയിൽ പോലുമുള്ള അതിശക്തമായ ഭരണ വിരുദ്ധ വികാരം ഇടത്പക്ഷത്തിന്റെ തോൽവിക്ക് ആക്കം കൂട്ടി.
മണ്ഡലം | UDF | LDF |
തിരുവനന്തപുരം | 4476 | 3215 |
കൊല്ലം | 6112 | 4465 |
ആലപ്പുഴ | 6314 | 5451 |
മാവേലിക്കര | 7307 | 5904 |
പത്തനംതിട്ട | 6666 | 3616 |
കോട്ടയം | 6262 | 4947 |
ഇടുക്കി | 5243 | 2670 |
എറണാകുളം | 3328 | 1873 |
വയനാട് | 5146 | 2429 |
ചാലക്കുടി | 3955 | 3035 |
മലപ്പുറം | 3737 | 2378 |