കൈവിട്ട് കളിച്ചിട്ടും ഗ്യാരൻ്റി നഷ്ടപ്പെട്ട് നരേന്ദ്രമോദി

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഒറ്റവും കൂടുതൽ സീറ്റ് കിട്ടിയ ബി.ജെ.പിക്ക് നിരാശയും പ്രതിപക്ഷത്ത് ഇരിക്കാൻ വിധിക്കപ്പെട്ട പാർട്ടികൾക്ക് ആഹ്ലാദവും എന്ന സ്ഥിതിയിലാണ്. 400 സീറ്റ് എന്ന ലക്ഷ്യം വെച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങിയ നരേന്ദ്രമോദിക്ക് പ്രതിച്ഛായ നഷ്ടം, വിശ്വാസ്യത നഷ്ടം എന്നീ അവസ്ഥകളാണ് ഇപ്പോൾ. ഭരണം നഷ്ടപ്പട്ടില്ല എന്ന ആശ്വസത്തിലാണ് ബി.ജെ.പി. പക്ഷേ മോദിയുടെ ഗ്യാരൻ്റിക്ക് തിളക്കം നഷ്ടപ്പെട്ടു.

വിശ്വഗുരു, വികസന നേതാവ്, തുടങ്ങിയവ ഉന്നയിച്ച് ആദ്യം തെരഞ്ഞടുപ്പ് തന്ത്രം ഒരുക്കിയ മോദി അത് ഉപേക്ഷിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ ഭരണവിരുദ്ധമാണെന്ന് കണ്ടതോടെ ക്ഷേമ, വികസന ഗ്യാരൻ്റികൾ വഴിയിലുപേക്ഷിച്ച് മുസ്‍ലിം വിദ്വേഷത്തിന്റെ ഗ്യാരൻ്റിയുമായി മോദി ഇറങ്ങി.

രണ്ടുകോടി തൊഴിൽ, 15 ലക്ഷം വീതം അക്കൗണ്ടിൽ, കർഷക കടം എഴുതിത്തളളൽ, കാർഷിക വിളകൾക്ക് ഇരട്ടി വില, ചുരുങ്ങിയ താങ്ങുവില തുടങ്ങിയ ഗാരന്റികളൊന്നും നടപ്പാക്കാത്ത മോദിയുടെ ഗാരന്റി കള്ളമാണ് എന്ന ‘ഇൻഡ്യ’യുടെ പ്രചാരണം വോട്ടർമാരിലേശുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും പ്രയോഗിക്കാത്ത നിന്ദ്യമായ പ്രയോഗങ്ങൾ അദ്ദേഹം മുസ്‍ലിം സമുദായത്തിനുനേരെ നടത്തി. വിദ്വേഷ പ്രചാരണത്തിന് തടയിടേണ്ട ഭരണഘടനാ സ്ഥാപനങ്ങൾ നോക്കുകുത്തിയായി തെരഞ്ഞെടുപ്പിന്റെ ഏഴുഘട്ടം കഴിയുന്നതുവരെ പ്രധാനമന്ത്രിയെ കയറൂരി വിട്ടു.

പ്രധാനമന്ത്രിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന്റെ നൂറുകണക്കിന് പരാതികൾ കമീഷന് മുമ്പാകെയെത്തിയതും ഈ പൊതുതെരഞ്ഞെടുപ്പിനെ വേറിട്ടതാക്കി. പ്രധാനമന്ത്രിയെ മാത്രമല്ല, ആഭ്യന്തര മന്ത്രി അമിത് ഷായെയും തൊടാൻ ഭയന്ന കമീഷൻ ബാധ്യത തീർക്കാനെന്ന മട്ടിൽ ബി.ജെ.പി പ്രസിഡന്റിന് നോട്ടീസ് നൽകി കൈകഴുകി.

പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും വിദ്വേഷ പ്രചാരണത്തിന് വഴിയൊരുക്കിയത് കമീഷൻ ആണെന്ന് പറയുന്നതാണ് നേര്. ബി.ജെ.പിയുടെ പ്രധാന താരപ്രചാരകനായ പ്രധാനമന്ത്രിക്ക് സ്വന്തം വിദ്വേഷ പ്രചാരണത്തിന് അനുസൃതമായ തരത്തിലാണ് വോട്ടെടുപ്പിന്റെ ഏഴ് ഘട്ടങ്ങൾ കമീഷൻ നിർണയിച്ചത്. വിദ്വേഷത്തിന് വളക്കൂറില്ലാത്തതും ന്യൂനപക്ഷ സമുദായങ്ങൾ കേന്ദ്രീകരിച്ചതുമായ സംസ്ഥാനങ്ങളെയും മണ്ഡലങ്ങളെയും ആദ്യ ഘട്ടങ്ങളിലാക്കി.

തമിഴ്നാടും കേരളവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ഹിന്ദി ബെൽറ്റിലെ പടിഞ്ഞാറൻ യു.പിയും സീമാഞ്ചലുമെല്ലാം കമീഷൻ ആദ്യ ഘട്ടങ്ങളിൽ തീർത്തു. മുസ്‍ലിംകൾ തിങ്ങിപ്പാർക്കുന്ന മണ്ഡലങ്ങളിലെ വോട്ടെടുപ്പ് വെള്ളിയാഴ്ചയാക്കി. വിദ്വേഷത്തിന് അൽപം ഇടം കൊടുക്കുന്ന തരത്തിലായിരുന്നു മൂന്നാം ഘട്ടത്തിനായി തിരഞ്ഞെടുത്ത മണ്ഡലങ്ങൾ. നാലുമുതൽ ഏഴുവരെ ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് നടത്താൻ കമീഷൻ തീരുമാനിച്ച മണ്ഡലങ്ങൾ വിദ്വേഷ പ്രസംഗങ്ങളിലൂടെ ഭൂരിപക്ഷ വോട്ടുകളുടെ ധ്രുവീകരണം സാധ്യമാക്കാൻ ബി.ജെ.പിയെ സഹായിക്കുന്നതായി മാറി. 2019ൽ പരീക്ഷിച്ച് വിജയിച്ചതിന്റെ തനിയാവർത്തനമായിരുന്നു ഇത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments