KeralaNews

സതീശനോട് തോറ്റ് പിണറായി! പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ തറപറ്റിക്കുന്ന ഇലക്ഷൻ സ്ട്രാറ്റജി ഇങ്ങനെ…

തിരുവനന്തപുരം: സിപിഎമ്മിന് തുടർച്ചയായ രണ്ടാമത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും ദയനീയ പരാജയം. കേരളത്തില്‍ 20 സീറ്റില്‍ ഒരിടത്തുമാത്രം ജയിക്കാനുള്ള ആർജവമേ സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്കും അതിനെ നയിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിനും ഉള്ളൂവെന്ന് തെളിയിച്ചിരിക്കുന്നത് ഇത് രണ്ടാമത്തെ തവണയാണ്. പിണറായി വിജയൻ നയിച്ചതും തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കിയതും കേരളത്തില്‍ മാത്രമായിരുന്നു. ആ കേരളത്തില്‍ നേടിയത് കനത്ത തോല്‍വിയും. മറുവശത്ത് കോണ്‍ഗ്രസിനെ നയിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വി.ഡി. സതീശൻ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളെ മുന്നില്‍ നിന്ന് നയിക്കാൻ തുടങ്ങിയിട്ട് ഇതുവരെയും പിണറായിക്ക് സതീശനോട് വിജയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന ചരിത്രം ലോക്സഭയിലും ആവർത്തിക്കപ്പെട്ടിരിക്കുകയാണ്.

വി.ഡി. സതീശൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറെടുത്തതിന് ശേഷം നടന്ന തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകൾക്ക് പുറമെയാണ് ലോക്സഭയിലും യു.ഡി.എഫിന് മിന്നുന്ന ജയം നേടാനായിരിക്കുന്നത്. തുടർഭരണം കിട്ടി ചരിത്രം രചിച്ച പിണറായിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേതൃത്വം കൊടുത്ത തെരഞ്ഞെടുപ്പിൽ വി.ഡി സതീശൻ താരമായി.

ലോക് സഭ തെരഞ്ഞെടുപ്പിൻ്റെ അജണ്ട നിശ്ചയിച്ചത് സതീശൻ ആയിരുന്നു. അതിൻ്റെ പുറകെ പോകാനായിരുന്നു പിണറായിയുടെ വിധി. കൃത്യമായ ഇലക്ഷൻ മാനേജ്മെൻ്റായിരുന്നു സതീശൻ്റേത്. തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറുമായുള്ള ഇ.പി ജയരാജന്റെ ബിസിനസ് ബാന്ധവം സംബന്ധിച്ച പ്രതിപക്ഷ നേതാവിന്റെ ആരോപണം എല്‍.ഡി.എഫിനെ മാത്രമല്ല ബി.ജെ.പിയെയും പ്രതിസന്ധിയിലാക്കി. ഇതിനു പിന്നാലെ എല്‍.ഡി.എഫിനെയും ബി.ജെ.പിയെയും ഒരു പോലെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് യു.ഡി.എഫ് ക്യാമ്പില്‍ നിന്നും തൊടുത്തുവിട്ടത്.

പിണറായി വിജയന്‍ സംഘപരിവാര്‍ അവിശുദ്ധ ബാന്ധവവും പ്രതിപക്ഷ നേതാവ് തുറന്നു കാട്ടി. കരുവന്നൂര്‍ തട്ടിപ്പിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തൃശൂര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്ക് സി.പി.എം വോട്ട് മറിക്കാമെന്ന ഉറപ്പില്‍ ഒത്തുതീര്‍പ്പാക്കിയെന്നും വി.ഡി സതീശന്‍ ആരോപിച്ചു. എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിനെ ഒക്കത്തിരുത്തിയാണ് പിണറായി വിജയന്‍ സംഘപരിവാര്‍ വിരുദ്ധത പറയുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപവും എല്‍.ഡി.എഫിന്റെ മോദി വിരുദ്ധ പ്രചരണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു.

ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം, ദേശീയ തലത്തില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായ സി.പി.എം കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും എതിരെ അധിക്ഷേപം ചൊരിഞ്ഞതും പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ക്ക് അടിവരയിടുന്നതായി. സി.പി.എം- ബി.ജെ.പി ബന്ധം തുറന്നു കാട്ടിയതിനു പുറമെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഭരണപരാജവും യു.ഡി.എഫ് ചര്‍ച്ചയാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അഴിതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തുമെല്ലാം പ്രതിപക്ഷ നേതാക്കള്‍ വാര്‍ത്താ സമ്മേളനങ്ങളിലും പ്രസംഗങ്ങളിലും തുറന്നു കാട്ടി. അഴിമതി സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്കോ സി.പി.എമ്മിനോ ഇതുവരെ മറുപടി നല്‍കാനായില്ല.

കേരളത്തിലെ മുതിര്‍ന്ന നേതാക്കളേയും കോണ്‍ഗ്രസ് ദേശീയ നേതാക്കളെയും ഒരുപോലെ പ്രചരണ രംഗത്ത് സജീവമാക്കിയതും യു.ഡി.എഫിന് ഗുണമായി. പ്രചരണരംഗത്ത് യു.ഡി.എഫ് ഉണ്ടാക്കിയ മേല്‍ക്കൈയാണ് വടകരയിലെ അശ്ലീല വീഡിയോ ആക്ഷേപത്തിന് പിന്നിലെ യഥാര്‍ഥ കാരണവും. അശ്ലീല വീഡിയോ എവിടെ? മോര്‍ഫ് ചെയ്ത വീഡിയോ എവിടെ എന്ന് ചോദിച്ച് തിരിച്ചടിക്ക് തുടക്കമിട്ടതും നിയമപോരാട്ടത്തിന് നിര്‍ദ്ദേശിച്ചതും പ്രതിപക്ഷ നേതാവായിരുന്നു. പ്രചരണത്തിന്റെ അവസാന ഘട്ടമായപ്പോള്‍ യു.ഡി.എഫ് ആരോപണങ്ങള്‍ എല്ലാം ശരിയെന്ന് തെളിഞ്ഞു. വൈദേകം റിസോര്‍ട്ടിലെ ബിസിനസ് പാര്‍ട്ടണര്‍ഷിപ്പ്, ജാവദേദ്ക്കര്‍ – ഇ.പി കുടിക്കാഴ്ച അങ്ങനെ എല്‍.ഡി.എഫിനെ ശരിക്കും കുഴപ്പത്തിലാക്കി.

കൃത്യമായ അവലോകനം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവിരുദ്ധ വികാരം താഴെത്തട്ടില്‍ പ്രചരണ വിഷയമാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം യു.ഡി.എഫ് നല്‍കിയിരുന്നു. ഓരോ ദിവസവും നല്‍കിയ ടാര്‍ജറ്റ് കീഴ് ഘടകങ്ങള്‍ ചെയ്യുന്നു എന്ന് ഉറപ്പു വരുത്താന്‍ പ്രത്യേക സംവിധാനം ഉണ്ടായിരുന്നു.

ചര്‍ച്ചയാക്കി പ്രാദേശിക വിഷയങ്ങള്‍

ഓരോ പ്രദേശത്തിന്റെയും സാമൂഹിക സാമ്പത്തിക രാഷ്ട്രീയ ഘടനയ്ക്ക് അനുസൃതമായ പ്രശ്നങ്ങളാണ് യു.ഡി.എഫ് ഉയര്‍ത്തിക്കാട്ടിയത്. ഉദാഹരണത്തിന് കോട്ടയത്ത് റബര്‍ കര്‍ഷകരുടെ പ്രതിസന്ധിയും കുട്ടനാട്ടില്‍ നെല്‍ കര്‍ഷകര്‍ക്കിടയിലെ അരക്ഷിതാവസ്ഥയും മലയോര മേഖലകളില്‍ വന്യമൃഗ ശല്യവും. ഭരണകൂടത്തിന്റെ ഇരകളായ എല്ലാത്തരം ആള്‍ക്കാരെയും പ്രതിനിധീകരിക്കാന്‍ യു.ഡി.എഫിന് സാധിച്ചു.

സോഷ്യല്‍ എഞ്ചിനീയറിങ്

ചുരുങ്ങിയ കാലം കൊണ്ട് മത സാമുദായിക വിഭാഗങ്ങളുടെയും സംഘടനകളുടെയും പിന്തുണ ആര്‍ജ്ജിക്കാന്‍ സാധിച്ചു എന്നത് യു.ഡി.എഫിന്റെ വോട്ട് വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെയും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും തന്ത്രപരമായി നടത്തിയ സോഷ്യല്‍ എന്‍ജിനീയറിങ് ആണ് രണ്ടര വര്‍ഷം കൊണ്ട് പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി സതീശന്‍ നടപ്പാക്കിയത്.

പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ഫലപ്രദമായി നടക്കുന്ന സോഷ്യല്‍ എഞ്ചിനീയറിംഗ് രാഷ്ട്രീയമായി അപകടം ചെയ്യുമെന്ന് തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര നേതൃത്വത്തിന് ആര്‍.എസ്.എസ് നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട്.

യു.ഡി.എഫ് വിജയത്തിനുള്ള ക്രെഡിറ്റ് നേതൃത്വത്തിന് ആകെയാണെന്നും പരാജയമെങ്കില്‍ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും പ്രതിപക്ഷ നേതാവ് പരസ്യ നിലപാട് എടുക്കുകയും ചെയ്തു. വിജയത്തിൻ്റെ ക്രെഡിറ്റ് ഐക്യത്തിനാണെന്നാണ് സതീശൻ്റെ പക്ഷം.

സീറ്റ് വിഭജനം, സ്ഥാനാര്‍ഥി നിര്‍ണ്ണയം, പ്രചരണം, പോളിങ് ഈ ഘട്ടങ്ങളിലൊന്നും യു.ഡി.എഫില്‍ ഒരു അപസ്വരവും ഉണ്ടായില്ല. അത്യപൂർവ്വ കാഴ്ചകളായിരുന്നു ഇവ. തദ്ദേശ , നിയമസഭ തെരഞ്ഞെടുപ്പുകളിൽ വിജയം ആവർത്തിച്ച് ഭരണം തിരിച്ച് പിടിക്കാൻ സതീശൻ്റെ നേതൃത്വത്തിന് കഴിയും എന്ന് ലഭിച്ച വിജയങ്ങൾ തെളിയിക്കുന്നു. ഒരുമിച്ച് നിന്നാൽ ജയിക്കാം എന്ന സന്ദേശം ആണ് സതീശൻ നൽകിയത്. ചെറുതും വലുതും ആയ നേതാക്കൾ അപസ്വരങ്ങൾ ഇല്ലാതെ അതേറ്റ് പിടിച്ചപ്പോൾ യു.ഡി.എഫും കോൺഗ്രസും വിജയ ട്രാക്കിലെത്തി. അധികാരത്തിൻ്റെ അഹന്തയാൽ ജനത്തെ വെറുപ്പിച്ച പിണറായിയുടെ ഭരണം യു.ഡി.എഫ് വിജയത്തിൻ്റെ തിളക്കം വർദ്ധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *