അടിച്ചു കേറി വാടാ മോനെ സഞ്ജു; എഴുതിത്തള്ളേണ്ട ഇത് കരുത്തനായ സഞ്ജു സാംസൺ

റെക്കോർഡുകളിൽ പന്തല്ല, ഈ മലയാളിയാണ് കേമൻ

ബംഗ്ലാദേശുമായുള്ള ടി20 ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ സഞ്ജു സാംസണിന്റെ പ്രകടനം കായികപ്രേമികളെയാകെ നിരാശയിലാക്കി എന്നത് സത്യം. സന്നാഹ മത്സരത്തില്‍ സഞ്ജു പരാജയപ്പെട്ടെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. സുനിൽ ഗാവാസ്‌കർ അടക്കമുള്ള സീനിയർ താരങ്ങൾ ഋഷഭ് പന്താണ് ടീമിൽ വേണ്ടതെന്ന അഭിപ്രായം പറയുകയും ചെയ്തു.

ഒരു മോശം പ്രകടനത്തിൽ സഞ്ജു തഴയപ്പെടണോ?

ഒരിക്കലും അല്ല എന്ന് നിസംശയം പറയാം. ഐപിഎല്ലിലെ തൻ്റെ എക്കാലത്തെയും മികച്ച സീസൺ ആണ് സഞ്ജു പൂർത്തിയാക്കിയത്. ടൂർണമെൻ്റിലെ മറ്റേതൊരു ബാറ്ററെക്കാളും ഉയർന്ന ഇംപാക്റ്റ് പ്രകടനങ്ങൾ സഞ്ജു സൃഷ്ടിച്ചു. ഐപിഎലിൽ ഋഷഭ് പന്തും മോശമായിരുന്നില്ല. എന്നാൽ ഈ സീസണിൽ രാജസ്ഥാൻ റോയൽസിൻ്റെ നായകൻ നേടിയ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ പന്തിന്റെ മികച്ച പ്രകടനങ്ങൾ പോലും മങ്ങിയതാണ്.

സാംസൺ എന്ന മാച്ച് വിന്നർ

ഐപിഎലിൽ അഞ്ച് മികച്ച പ്രകടനങ്ങൾ സാംസൺ കാഴ്ചവെച്ചു. 157 നും 215 നും ഇടയിൽ സ്‌ട്രൈക്ക് റേറ്റിൽ 50+ സ്‌കോർ ചെയ്തിട്ടുണ്ട്. ജോസ് ബട്ട്‌ലറും യശസ്വി ജയ്‌സ്വാളും പരാജയപ്പെട്ടപ്പോൾ ആയിരുന്നു സഞ്ജുവിന്റെ വൺമാൻഷോ. കൂടാതെ തൻ്റെ ടീമിനേ സെമി ഫൈനൽ വരെ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
ഋഷഭ് പന്ത്, രണ്ട് മികച്ച പ്രകടനങ്ങൾ മാത്രമാണ് നടത്തിയത്. ടൈറ്റൻസിനെതിരെ 43 പന്തിൽ നിന്ന് 88 റൺസ് നേടിയതാണ് ടൂർണമെൻ്റിലെ അദ്ദേഹത്തിൻ്റെ ഏറ്റവും മികച്ച പ്രകടനം. 25 പന്തിൽ 3 വിക്കറ്റ് നഷ്ടത്തിൽ 27 റൺസ് എടുത്ത് 55 റൺസ് നേടിയെങ്കിലും നൈറ്റ് റൈഡേഴ്‌സിനെതിരെ 273 റൺസ് പിന്തുടരുന്നതിനിടെ ടോപ്-ഓർഡർ തകരുകയും പന്തിന്മേൽ സമ്മർദ്ദമൊന്നും ഉണ്ടാകാതിരിക്കുകയും ചെയ്തു. ചുരുക്കത്തിൽ, പന്ത് ഈ സീസണിൽ ബാറ്റുകൊണ്ട് ഒരു ആവറേജ് പ്രകടനം മാത്രമാണ് നടത്തിയത്.

സ്പിന്നിനു മുന്നിൽ പതറുന്ന പന്ത്

ഐപിഎല്ലിൻ്റെ ഈ എഡിഷനിൽ പന്തിൻ്റെ പ്രകടമായ ബലഹീനതകളിലൊന്ന് സ്പിന്നിനെതിരായ അദ്ദേഹത്തിൻ്റെ മന്ദഗതിയിലുള്ള സ്‌കോറിംഗ് നിരക്കാണ്. സ്‌ലോവർ ബൗളർമാർക്കെതിരെ പന്തിൻ്റെ സ്‌ട്രൈക്ക് റേറ്റ് 114.9 ആണ്, ഈ സീസണിൽ സ്പിന്നർമാർക്കെതിരെ കുറഞ്ഞത് 70 പന്തുകൾ നേരിട്ട 14 ബാറ്റർമാരിൽ ഏറ്റവും താഴ്ന്ന സ്‌ട്രൈക്ക് റേറ്റ്. എന്നാൽ ടൂർണമെൻ്റിൽ സ്പിന്നർമാർക്കെതിരെ 146 സ്‌ട്രൈക്ക് റേറ്റ് ആണ് സാംസണിനുള്ളത്. സ്പിന്നർമാരെ നേരിടുന്നതിൽ പന്തിനെക്കാളും സഞ്ജുവാണ് കേമൻ എന്ന് ചുരുക്കം.

ഡെത്ത് ഓവറുകളിലും വിനാശകാരി സഞ്ജു തന്നെ

ബൗണ്ടറികൾ അടിക്കുന്നതിൻ്റെ കാര്യത്തിൽ പോലും സഞ്ജു തന്നെയാണ് മുന്നിൽ. ഐപിഎലിൽ അത് കണ്ടതുമാണ്.ഒരുപക്ഷെ സഞ്ജുവോ പന്തോ ടീമിൽ ഉൾപ്പെട്ടാൽ അവർ ഇന്ത്യക്കായി ബാറ്റ് ചെയ്യാൻ സാധ്യതയുള്ള 13-20 ഓവറുകൾക്കിടയിലെ ഇരുവരുടെയും സ്‌ട്രൈക്ക് നിരക്കുകൾ താരതമ്യം ചെയ്യുന്നതും രസകരമായിരിക്കും. 2022 മുതൽ എല്ലാ ടി20കളും പരിഗണിക്കുമ്പോൾ ഡെത്ത് ഓവറുകളിൽ കൂടുതൽ വിനാശകാരിയായത് സാംസണാണ്. 2022 മുതൽ എല്ലാ ടി20കളിലും അവസാന 8 ഓവറിൽ 178.1 സ്‌ട്രൈക്ക് റേറ്റ് ആണ് സഞ്ജുവിന് ഉള്ളത്. 159.2 സ്‌ട്രൈക്ക് റേറ്റുമായി പന്ത് വളരെ പിന്നിലാണ്.

ഓപ്പണിങ്ങ്,വണ്‍ ഡൗണ്‍, ഡെത്ത് ഓവറുകൾ മുതലായ പൊസിഷനുകളില്‍ സഞ്ജുവിനെ ഇറക്കുന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ചിന്തിക്കുന്നുണ്ടാവണം. ജയ്‌സ്വാള്‍ ഒരു സ്‌പെഷലിസ്റ്റ് ഓപ്പണറാണ്. സഞ്ജുവിന് എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാനാകും എന്ന് ചീഫ് സെലക്ടറായ അഗാര്‍ക്കര്‍ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. എല്ലാം ചേര്‍ത്ത് വായിക്കുമ്പോള്‍ സഞ്ജു ടോപ് ഓര്‍ഡറില്‍ ഇറങ്ങാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. പ്രാക്ടീസ് മാച്ചില്‍ സഞ്ജു മോശം ഷോട്ട് കളിച്ച് പുറത്തായതല്ല. അയാള്‍ ശരിക്കും ഔട്ട് ആയിരുന്നുവോ എന്ന കാര്യത്തില്‍ പോലും തീര്‍ച്ചയില്ല.

അവസരം മുതലെടുത്ത ഋഷഭ് പന്തിനെ സഞ്ജു മാതൃകയാക്കണം എന്ന് പലരും പറയുന്നുണ്ട്. 66 അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ കളിച്ച പന്തിന്റെ ബാറ്റിങ്ങ് ശരാശരി 22 ആണ് എന്ന കാര്യം മറക്കരുത്. ഇന്ത്യന്‍ ടീം ഋഷഭ് പന്തിന് നിരുപാധിക പിന്തുണ നല്‍കുന്നുണ്ട്. എന്നിട്ടും അയാള്‍ക്ക് മികച്ച ടി-20 കരിയര്‍ ഉണ്ടായിട്ടില്ല.

പന്തിന് ലഭിക്കുന്ന പിന്തുണ സഞ്ജുവിന് കിട്ടിയിട്ടില്ല. വല്ലപ്പോഴും മാത്രം അവസരം കൊടുത്താല്‍ ഏത് കളിക്കാരനും അമിത സമ്മര്‍ദ്ദത്തിലാകും. അതാണ് സഞ്ജുവിന്റെ കാര്യത്തില്‍ സംഭവിക്കുന്നത്. എത്ര മോശമായി കളിച്ചാലും അടുത്ത മാച്ചില്‍ ടീമില്‍ ഉണ്ടാകും എന്ന ഉറപ്പ് ഋഷഭിനുണ്ട്. അതുപോലൊരു ഉറപ്പ് സഞ്ജുവിന് കൊടുത്താല്‍ അയാള്‍ അത്ഭുതങ്ങള്‍ കിട്ടുമെന്ന് ഉറപ്പാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments