ടി20 ലോകകപ്പിന് ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ മാത്രമാണ്. ആദ്യമത്സരത്തിൽ യു എസും കാനഡയും നേർക്കുനേർ ഏറ്റുമുട്ടും.നാളെ ഇന്ത്യൻ സമയം രാവിലെ 6 മണിക്ക് ഗ്രാൻഡ് പ്രയറി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.
ഏറെ സവിശേഷതകളുണ്ട് ഇത്തവണത്തെ ആദ്യമത്സരത്തിന്.
1877-ൽ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ആദ്യമായി ടെസ്റ്റ് കളിക്കുന്നതിന് വളരെ മുമ്പുതന്നെ, 1844-ൽ യു.എസ്.എയും കാനഡയും ത്രിദിന മത്സരത്തിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ന്യൂയോർക്കിൽ നടന്ന മത്സരത്തിൽ കാനഡ 23 റൺസിന് വിജയിച്ചു. നൂറ്റി എൺപത് വർഷങ്ങൾക്ക് ശേഷം, നടക്കുന്ന T20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇതേ രണ്ട് ടീമുകൾ മുഖാമുഖം വരികയാണ്.
ഒരു പഴയകാല ചരിത്രവും ഇരു ടീമുകൾക്കിടയിലുണ്ട്. 2022-ലെ ടി20 ലോകകപ്പിന് ശേഷം യു എസ് എ ഏഴ് ടി20 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും പോരാട്ടവീര്യത്തിന് കുറവ് വന്നിട്ടില്ല. ആദ്യം കാനഡയെ 4-0ന് തോൽപ്പിച്ച യുഎസ്എ ബംഗ്ലാദേശിനെ 2-1ന് തകർക്കുകയും ചെയ്തു.
ന്യൂസിലാൻഡ് ഓൾ റൗണ്ടർ ആയിരുന്ന കോറി ആൻഡേഴ്സൺ ഇത്തവണ യു എസ് എ ക്ക് വേണ്ടി കളിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഏകദിനത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി എന്ന റെക്കോർഡ് സ്വന്തമാക്കിയ ആൻഡേഴ്സണ് യു എസ് എക്ക് വേണ്ടി മികച്ച മുന്നേറ്റം കാഴ്ച വെക്കാൻ കഴിയുമോ എന്ന് കാത്തിരിക്കണം.
കാനഡ നിരയിൽ ജമൈക്കയിൽ നിന്നുള്ള ആരോൺ ജോൺസൺ ആണ് കരുത്തൻ. 2022ൽ കാനഡയ്‌ക്കായി ടി20യിൽ അരങ്ങേറ്റം കുറിച്ച ഈ 33കാരൻ ഇതുവരെ കളിച്ച 16 മത്സരങ്ങളിൽ നിന്ന് 50.92 ശരാശരിയിലും 166.58 സ്‌ട്രൈക്ക് റേറ്റിലും 713 റൺസ് നേടിയിട്ടുണ്ട്. ടി20 ഫോർമാറ്റിൽ അഞ്ച് അർധസെഞ്ചുറികളും 2 സെഞ്ചുറികളും 48 സിക്‌സറുകളും അദ്ദേഹത്തിനുണ്ട്. കുഞ്ഞൻ ടീമുകളുടെ മത്സരം ആണെങ്കിലും ആവേശപ്പോരാട്ടം തന്നെ പ്രതീക്ഷിക്കാമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.