സി.എം.ആർ.എൽ 103 കോടിയുടെ വ്യാജ ചെലവുകൾ കണക്കിൽ കാണിച്ചെന്ന് ആദായ നികുതി വകുപ്പ്
ദില്ലി: കരിമണൽ കമ്പനി സി.എം.ആർ.എലിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയെന്ന കേസിൽ ഇപ്പോൾ എസ്.എഫ്.ഐ.ഒ നടത്തുന്നത് പ്രാഥമിക അന്വേഷണം മാത്രമാണെന്ന് ആദായനികുതി വകുപ്പ്.
കേസിൽ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കണമോ എന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂ എന്നും ആദായ നികുതിവകുപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
പ്രാഥമികാന്വേഷണത്തില്‍, സിഎംആർഎൽ 103.02 കോടി രൂപയുടെ വ്യാജ ചെലവുകള്‍ കണക്കില്‍ കാണിച്ചതായി കണ്ടെത്തിയെന്നും ആദായ നികുതി വകുപ്പ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. 2012-13 സാമ്പത്തിക വര്‍ഷം മുതല്‍ 2018-19 സാമ്പത്തിക വര്‍ഷത്തിനിടെയാണ് ഇത്രയും തുക വ്യാജ ചെലവുകളുടെ പേരില്‍ കണക്കില്‍കാണിച്ചത്.
ചെളി നീക്കംചെയ്യല്‍, ഗതാഗത ചെലവുകള്‍ എന്നിവയുടെ പേരിലാണ് ഇതത്രയും തുക കണക്കില്‍ കാണിച്ചതെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ ഫയല്‍ചെയ്ത അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത് ഗുരുതരമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണെന്നും പറയുന്നു.
ഇന്ററിം സെറ്റില്‍മെന്റ് കമ്മീഷനില്‍ നടന്ന നടപടികളുമായി എസ്.എഫ്.ഐ.ഒ അന്വേഷണത്തിന് ബന്ധമില്ല. എസ്.എഫ്.ഐ.ഒ നടത്തുന്ന അന്വേഷണം സ്വതന്ത്രമാണെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഒരു സ്ഥാപനത്തിലും റെയിഡ് നടന്നിട്ടില്ല. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഐടി ഡിപ്പാര്‍ട്‌മെന്റില്‍നിന്ന് എസ്.എഫ്.ഐ.ഒക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ചില രേഖകളും വിവരങ്ങളും അധികമായി ആവശ്യപ്പെട്ട് സിഎംആർഎലിന് നോട്ടീസ് നല്‍കുകമാത്രമാണ് ഉണ്ടായിട്ടുള്ളതെന്നും അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.